സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തയായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ മഴ ലഭിക്കുക. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. നാളെ മുതല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്.

