പത്തനംതിട്ട: അവധി ദിവസങ്ങളായിട്ടുപോലും ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വർദ്ധനവില്ല. ഇന്നലെ 60,003 പേരും ശനിയാഴ്ച 61,677 പേരും മാത്രമാണ് ദർശനം നടത്തിയത്. വെർച്വൽ ക്യൂ വഴി രണ്ടേകാൽ ലക്ഷത്തോളം പേർ ബുക്ക് ചെയ്തിരുന്നെങ്കിലും വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി 1,82,315 തീർത്ഥാടകർ മാത്രമാണ് മലചവിട്ടിയത്. സ്പോട്ട് ബുക്കിംഗിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്.
ബുക്കിംഗും എത്തുന്നവരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുള്ളതിനാൽ വെർച്വൽ ക്യൂവിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രതിദിന വെർച്വൽ ക്യൂ ബുക്കിംഗിൽ 5,000 പേരുടെ വർദ്ധനവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും വിലയിരുത്തൽ.
ബുക്ക് ചെയ്ത ശേഷം എത്താത്തവർക്ക് മണ്ഡലകാലത്ത് പിന്നീട് അവസരം നിഷേധിക്കുമെന്ന പ്രചാരണം ദേവസ്വം ബോർഡ് തള്ളി. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഈ സീസണിൽ വെർച്വൽ ക്യൂ സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തില്ലെന്നും ബോർഡ് വ്യക്തമാക്കി.

