തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ സമ്പൂര്‍ണ പുനഃസംഘടന ആവശ്യപ്പെട്ട് വി ഡി സതീശന്‍ പക്ഷം നീക്കം ശക്തമാക്കുന്നു. കെപിസിസി, ഡിസിസി തലങ്ങളില്‍ അടിയന്തരമായി സമ്പൂര്‍ണ പുനഃസംഘടന നടത്താനാണ് വി ഡി പക്ഷത്തിന്റെ നീക്കം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെയും എത്രയും പെട്ടെന്ന് പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും വി ഡി സതീശന്‍ പക്ഷം ശക്തമായി ഉയര്‍ത്തും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ നേതാക്കൾ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു.
എ ഗ്രൂപ്പിന്റെ പരാതികളും വി ഡി സതീശന്‍ നേരിട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ച അതൃപ്തിയും കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്നാണ് വി ഡി പക്ഷത്തിന്റെ പ്രതീക്ഷ. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിലവില്‍ നിശ്ചലമാണെന്നും നേതൃമാറ്റം അനിവാര്യമാണെന്നും പാര്‍ട്ടിയില്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് വി ഡി പക്ഷത്തിന്റെ നിലപാടിന് സമാനമാണ്.
സണ്ണി ജോസഫ്, എ പി അനില്‍കുമാര്‍ എന്നീ മന്ത്രിമാര്‍ക്കെതിരെയും മറ്റ് നേതാക്കള്‍ക്കെതിരെയും നടക്കുന്ന കടന്നാക്രമണങ്ങളിലും വി ഡി പക്ഷത്തിന്റെ നീക്കങ്ങളിലും കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന വിഭാഗം കടുത്ത അതൃപ്തിയിലാണ്. ഒരു കാരണവുമില്ലാതെ മന്ത്രിസഭയിലെ ചര്‍ച്ചകളും തീരുമാനങ്ങളും വിവരങ്ങളും ചോര്‍ത്തി നല്‍കി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇവര്‍ക്കെതിരെ കടന്നാക്രമണം തുടരുന്നതെന്നും, ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമെന്നും കെ സി പക്ഷം വ്യക്തമാക്കുന്നു.

