കൊച്ചി: ചേരാനല്ലൂർ ബെൻസ് നരഹത്യയിൽ കുറ്റവാളിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ചശേഷമായിരുന്നു പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ 17കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് സർക്കാർ ഈ അപേക്ഷ സമർപ്പിച്ചത്.
ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കാൻ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 101 പ്രകാരം ക്രിമിനൽ അപ്പീൽ ആണ് നൽകേണ്ടിയിരുന്നത് എന്നിരിക്കെ സർക്കാർ സാധാരണ ഒരു അപേക്ഷയാണ് സമർപ്പിച്ചത്. ജുവനൈൽ ആയ 17കാരൻ പ്രതിയുടെ പേരുവിവരങ്ങൾ അപേക്ഷയിൽ വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ പേര് നൽകിയ സ്ഥിതിക്ക് ഇനി ഫോട്ടോ കൂടി നൽകാൻ മാത്രമേ ബാക്കിയുള്ളൂ എന്ന് കോടതി രൂക്ഷമായി പരിഹസിച്ചു.

