കോഴിക്കോട്: വോട്ട് കൊള്ളയിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ആർഎസ്എസ് നിയോഗിച്ച ഏജന്റാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് മോദി-അമിത് ഷാ ഭരണകൂടം ശ്രമിക്കുന്നതെന്നും ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന കേരള നിയമസഭയുടെ പ്രമേയം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലാഴി അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ എ.പി. വേലായുധൻ, അസ്ലം ചെറുവാടി, ബാസിത് താനൂർ, നദീറ അഹമ്മദ്, എം.എ. ഖയ്യും, സലാഹുദ്ദീൻ ചേളന്നൂർ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ കെ.സി. അൻവർ സ്വാഗതവും ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

