ദുബായ്: ഡെലിവറി റൈഡേഴ്സിന് സൗജന്യ ഭക്ഷണം ഒരുക്കാന്‍ ദുബായ് ആര്‍ടിഎ. താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങളിലാണ് ഭക്ഷണം നല്‍കുക. 23 കേന്ദ്രങ്ങളിലാണ് ഭക്ഷണം ലഭ്യമാവുക.
ഡെലിവറി റൈഡര്‍മാര്‍ സമൂഹത്തിന് നല്കുന്ന ദൈനംദിന സംഭാവനകള്‍ പരിഗണിച്ചാണ് പുതിയ സംരഭം.എമിറേറ്റിലെ പ്രധാന ബസ്, മെട്രോ സ്റ്റേഷനുകളില്‍ സജ്ജീകരിച്ച താല്‍ക്കാലിക വിശ്രമ കേന്ദ്രങ്ങളില്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും.യുഎഇ ഫുഡ് ബാങ്കുമായും ഡെലിവറി പ്ലാറ്റ്ഫോമുംമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
വേനല്‍ക്കാലത്ത് ഡെലിവറി റൈഡര്‍മാരെ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് ആര്‍ടിഎയുടെ ലൈസന്‍സിംഗ് ഏജന്‍സി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 നും 3 നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന തരത്തില്‍ പുറത്ത് ജോലി ചെയ്യുന്നത് നിയന്ത്രിച്ചിരുന്നു.
ഈ മിഡ് ഡേ ബ്രേക്ക് നിയമത്തെ പിന്തുണയ്ക്കുന്നത് ഗോള്‍ഡ് സൂഖ്, സത്വ, അല്‍ ജാഫിലിയ, ഖുസൈസ്, കറാമ ബസ് സ്റ്റേഷനുകള്‍, റാഷിദിയ, അല്‍ ഫുര്‍ജാന്‍, ഡിഎംസിസി, ബര്‍ജുമാന്‍, ഇബ്നു ബത്തൂത്ത തുടങ്ങിയ മെട്രോ സ്റ്റേഷന് എന്നിവിടങ്ങളിലെ 23 കേന്ദ്രങ്ങളിലാണ് ഭക്ഷണം ഏര്‍പ്പെടുത്തുക.രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ഘടനയുടെ അനിവാര്യ ഘടകമാണ് ഡെലിവറി തൊഴിലാളികളെന്ന് യുഎഇ ഫുഡ് ബാങ്കിലെ എക്സിക്യൂട്ടീവ് ടീം മേധാവി മനല്‍ ഒബൈദ് ബിന്‍ യാറൂഫ് പറഞ്ഞു.

