കൊച്ചി: കൊച്ചിയിൽ നടന്ന എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നത് പ്രോട്ടോക്കോൾ പാലിച്ചാണെന്നും, ഈ വിഷയം പാർട്ടി പ്രവർത്തകരെ ബോധ്യപ്പെടുത്തിയപ്പോൾ അവർക്ക് അത് മനസ്സിലായെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി.
16 കോച്ചുകളാക്കി ഉയർത്തിയ ട്രെയിനിന്റെ സർവീസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിന് പിന്നാലെ ബിജെപി നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തതിനെത്തുടർന്ന് നേതൃത്വം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

