ഇന്‍സ്റ്റഗ്രാമില്‍ ‘കുട്ടിസഖാവ്’ എന്ന പേരില്‍ വൈറലായ മലപ്പുറം തിരൂര്‍ സ്വദേശിയായ എട്ടുവയസുകാരന്‍ സിയാന് കൃത്യമായ ശിക്ഷണം നല്‍കണമെന്ന് എപി സമസ്ത വിദ്യാര്‍ഥി വിഭാഗമായ എസ്എസ്എഫ്. കുട്ടിയെ നവമാധ്യമങ്ങളില്‍ ‘വില്‍പ്പനച്ചരക്കാക്കുന്നവരെ’ തിരുത്തണമെന്നും എസ്എസ്എഫിന്റെ മുഖമാസികയായ രിസാലയിലെ ലേഖനം ആവശ്യപ്പെടുന്നു. സിയാന്‍ എട്ടുവയസുകാരനാണെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകാനുള്ള പ്രായമായിട്ടില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്‍സ്റ്റഗ്രാം മെറ്റയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ പ്ലാറ്റ്ഫോമാണെന്നും കുട്ടികളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ മുതിര്‍ന്നവര്‍ ഇക്കാര്യം കുട്ടിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും ശാരീരികമായോ മാനസികമായോ വിഷമിപ്പിക്കരുതെന്നും ലേഖനത്തില്‍ പറയുന്നു.
കുട്ടിയെ നവമാധ്യമങ്ങളില്‍ അവതരിപ്പിച്ചതിന് മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവര്‍ക്കാണ് ഉത്തരവാദിത്തമെങ്കില്‍ അവരെയും തിരുത്തണമെന്ന് ലേഖനം പറയുന്നു. മുതിര്‍ന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കുട്ടികള്‍ ചെയ്യുമ്പോള്‍ കൗതുകമായി തോന്നാമെങ്കിലും അത് കുട്ടികളെ ഉപയോഗിച്ചുള്ള ഉള്ളടക്ക നിര്‍മാണത്തിലേക്ക് വഴിമാറുന്നത് ആശങ്കാജനകമാണെന്നും വിമര്‍ശനമുണ്ട്. സിയാന്റെ സംസാരത്തില്‍ പ്രകടമാകുന്ന അകാല പക്വത പരിഹരിക്കേണ്ടതാണെന്നും കൃത്യമായ ശിക്ഷണത്തിലൂടെ കുട്ടിത്തത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും ലേഖനം ആവശ്യപ്പെടുന്നു. ചെങ്കൊടിയും രാഷ്ട്രീയവും കുട്ടികളുടെ സ്വാഭാവിക വ്യവഹാരവിഷയമല്ലെന്നും കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അവരോടുള്ള അനീതിയാണെന്നും എസ്എസ്എഫ് നിലപാടെടുത്തു.
‘ഷെയറെന്റിങ്’ എന്ന ആശയം പിണറായി വിജയന്‍ മുതല്‍ അശോകന്‍ ചെരുവില്‍ വരെയുള്ളവര്‍ മനസിലാക്കണമെന്നും ലേഖനം പരിഹസിക്കുന്നു. ‘ഷെയറിങ്’, ‘പാരന്റിങ്’ എന്നീ വാക്കുകളില്‍ നിന്നുണ്ടായ ‘ഷെയറെന്റിങ്’ എന്നത് കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും വ്യക്തിപരമായ വിവരങ്ങളും മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഇത്തരം ഉള്ളടക്കങ്ങളില്‍ ജാഗ്രത വേണമെന്നാണ് ലേഖനത്തിന്റെ നിലപാട്. കുട്ടികളെ ഉപയോഗിച്ചുള്ള കണ്ടന്റ് നിര്‍മാണത്തിന് പല രാജ്യങ്ങളിലും നിയന്ത്രണങ്ങളുണ്ടെന്നും ഇന്ത്യയിലും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് രക്ഷിതാക്കളുടെ മേല്‍നോട്ടവും ഉള്ളടക്ക നിയന്ത്രണങ്ങളും ആവശ്യമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. സിയാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്ത സംഭവവും ഈ നിയന്ത്രണങ്ങളുടെ പ്രസക്തി വ്യക്തമാക്കുന്നതാണെന്നും ലേഖനം പറയുന്നു.

