സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് പുലര്‍ച്ചെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (CJP) ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചു. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച രാവിലെ 6.16-ഓടെയാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിവരം ദിപ്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) പങ്കുവെച്ചത്. എന്നാല്‍ 6.45-ഓടെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഈ നാടകീയ സംഭവങ്ങള്‍ നടന്നത്.
‘ഭീരുക്കള്‍’ എന്ന് കുറിച്ചുകൊണ്ടായിരുന്നു ദിപ്കെ വിവരം പങ്കുവച്ചത്. അക്കൗണ്ട് ലഭ്യമല്ല എന്ന് കാണിച്ച് അദ്ദേഹം സ്ക്രീന്‍ ഷോട്ടുകളും പങ്കിട്ടിരുന്നു. ”സിജെപിയെ എതിര്‍ക്കുന്നവര്‍ ഞങ്ങളുടെ ശബ്ദം ഇല്ലാതാക്കാന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം തന്നെ തിരഞ്ഞെടുത്തു എന്നത് ലജ്ജാകരമാണ്. ഇത്തരം ഭീരുത്വപരമായ പ്രവര്‍ത്തികളില്‍ ഞങ്ങള്‍ ഭയപ്പെടില്ല,” എന്ന് അഭിജീത് ദിപ്കെ പ്രതികരിച്ചു. നേരത്തെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലും സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് സമാനമായ സസ്പെന്ഷന് നേരിടേണ്ടി വന്നിട്ടുണ്ട്. നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ സിജെപി മുന്‍പന്തിയിലുണ്ട്. കഴിഞ്ഞ ജൂലൈ 22-ന് അക്കൗണ്ട് മരവിപ്പിച്ച സമയത്ത് ഇതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണെന്ന് ദിപ്കെ ആരോപിച്ചിരുന്നു

