കൊച്ചി: മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരന്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ കര്‍മ്മമണ്ഡലത്തില്‍ സജീവമായിരുന്ന എം പി പരമേശ്വരന്‍ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സിപിഐഎം അംഗമായിരുന്ന എം പി പരമേശ്വരനെ സൈദ്ധാന്തിക വിയോജിപ്പിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. കേരളത്തില്‍ ശാസ്ത്രസാഹിത്യവും ജനകീയ ശാസ്ത്രപ്രചാരണവും വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നേതൃപരമായി നിരവധി സംഭാവനകള്‍ എം പി പരമേശ്വരന്‍ നല്‍കിയിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവയെക്കുറിച്ചുള്ള പൊതുചര്‍ച്ചകള്‍ ശക്തമാക്കാനും ശാസ്ത്രീയ മനോഭാവം വളര്‍ത്താനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിച്ചുണ്ട്. മാര്‍ക്‌സിസ്റ്റ് ആശയങ്ങളെയും ശാസ്ത്രീയ ചിന്തയെയും സാമൂഹിക വികസനത്തെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന ബൗദ്ധിക രംഗത്ത് നിരവധിയായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

