കോഴിക്കോട്: ദേശീയപാതയിൽ മൂടാടിയിൽ അമിതവേഗതയിലെത്തിയ ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്കൂൾ ബസ്സിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. മൂടാടി വീമംഗലം യു.പി സ്കൂളിലെ ബസ്സിൽ കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ‘കാവാലം’ ബസ്സ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം.
സ്കൂൾ ബസ് ഡ്രൈവർക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ മൂന്ന് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. രാവിലെ സ്കൂൾ കുട്ടികളെ ഇറക്കിയ ശേഷം ബസ് റോഡരികിലേക്ക് മാറ്റുന്നതിനിടെയാണ് ദീർഘദൂര ബസ് വന്ന് ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ലിമിറ്റഡ് ബസ് അമിതവേഗതയിലായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ ബസ് ഡ്രൈവറായ പാലക്കുളം സ്വദേശി ബാബുരാജിന് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ലിമിറ്റഡ് ബസ്സിലുണ്ടായിരുന്ന ഒരു വയോധികന്റെ കൈവിരലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ്സിലെ യാത്രക്കാരിയായ ഒരു പെൺകുട്ടിക്കും കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

