തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനുമാണ് സാധ്യത.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിലേക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് തൃശൂര്‍, എറണാകുളം കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകം. എന്നാല്‍ പൊതുപരീക്ഷകള്‍, സര്‍വകലാശാല പരീക്ഷകള്‍, മുന്‍കൂട്ടി നിശ്ചയിച്ച അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഔദ്യോഗിക മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു

