ഇടുക്കി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടലുണ്ടായി. മൂന്നിടത്തായി മൂന്ന് മരണം സ്ഥിരീകരിച്ചു. ഇടുക്കിയില്‍ രണ്ടും കോട്ടയത്ത് ഒരാളുമാണ് മരിച്ചത്. തൊടുപുഴ കുടയത്തൂരില്‍ സുമതി, വാഗമണ്ണ് വൈക്കം സ്വദേശി പ്രഭാകരന് നായര്‍, പൂഞ്ഞാര്‍ പയ്യാനിതോട്ടത്തില്‍ ജോസഫിന് മാണി എന്നിവരാണ് മരിച്ചത്. കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി നിരവധി വീടുകളില്‍ വെള്ളം കയറി. ഇടുക്കി ജില്ലയിലെ ലോ റേഞ്ച് മേഖലകളില്‍ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച കനത്ത മഴ തുടരുന്നതിനിടയിലാണ് കുടയത്തൂര്‍ ഏഴാം വാര്‍ഡിലെ അടൂര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്.
തൊടുപുഴ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി. മഷിക്കല്ലേല് രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍പ്പെട്ട ഗൃഹനാഥന് രവി, മകന് രതീഷ് എന്നിവരെ രക്ഷപ്പെടുത്തി. രവിയുടെ ഭാര്യ സുമതിയുടെ മൃതദേഹം കണ്ടെത്തി. മുട്ടം ചൊള്ളാവയല്‍, നെല്ലാപ്പാറ, ഏലപ്പാറ എന്നിവിടങ്ങളിലും വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു വരുന്നുണ്ട്. തൊടുപുഴ ടൗണിലും വലിയ രീതിയിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കോട്ടയം ജില്ലയുടെ മലയോരമേഖലകളിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാര്‍ പഞ്ചായത്ത്, മൂന്നിലവ് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ വീടിനു മുകളിലേക്ക് കല്ലും മണ്ണും വന്നുപതിച്ചു. ജോണിയും ഭാര്യയും മകനും ഉള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
വാഗമണ്‍ കോലാഹലമേട്ടില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മുണ്ടക്കയം കോസ്വേ പാലം, ഈരാറ്റുപേട്ടയിലെ കോസ്വേകള്, തീക്കോയി പള്ളിവാതില്‍ പാലം എന്നിവ പൂര്‍ണമായും വെള്ളത്തിനടിയിലായി. ദേശീയപാത 183-ല്‍ അമലഗിരി ഭാഗത്തും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലും തീക്കോയി-വാഗമണ്‍ റൂട്ടിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പാലാ മൂന്നാനി, എരുമേലി വലിയ അമ്പലമുറ്റം, മുരിക്കോലി, നടക്കല്‍, മുളങ്കയം, പൂഞ്ഞാര്‍ എന്നിവിടങ്ങളിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
കൊക്കയാറില്‍ പുല്ലകയാര്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ഇവിടെ ആറോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കൂട്ടിക്കല്‍ ചപ്പാത്തിലൂടെ വെള്ളം കരകവിഞ്ഞൊഴുകുകയാണ്. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ജെ.ജെ. മര്‍ഫി സ്കൂള്‍ (എന്തയാര്‍), സി.എം.എസ്. എല്‍.പി. സ്കൂള്‍ (കൂട്ടിക്കല്‍), ശങ്കര്‍ മെമ്മോറിയല്‍ സ്കൂള്‍ (ഇളംകാട്), തുഷാര ക്ലബ്ബ് (പെരുന്തുരുത്ത്), സി.എം.എസ്. എല്‍.പി. സ്കൂള്‍ (മുണ്ടക്കയം), സെന്റ് ജോസഫ് ഹൈസ്കൂള്‍ (പുത്തന്‍ചന്ത, മുണ്ടക്കയം) എന്നീ ദുരിതാശ്വാസ ക്യാമ്പുകള്‍ അടിയന്തരമായി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
അടിമാലി മേഖലയില്‍ ദേവിയാര്‍ പുഴ കരകവിഞ്ഞ് ചാറ്റുപാറ, മച്ചിപ്ലാവ്, പത്താം മൈല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അടിമാലിക്ക് സമീപം മച്ചിപ്ലാവ് മഴുമറ്റംപ്പടിയില് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

