തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായി പാളിയെന്ന് ആരോപിച്ച് യു.ഡി.എഫ് സർക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയിലും പുറത്തും പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരണപ്പെട്ടുവെന്ന ഞെട്ടിക്കുന്ന കണക്ക് ചൂണ്ടിക്കാണിച്ചാണ്, മന്ത്രി വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കാൻ തയ്യാറാകണമെന്ന് വീണ ജോർജ് ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.
നിയമസഭയിൽ പകർച്ചവ്യാധി വ്യാപനത്തെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവേ, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ “10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും” എന്ന് വിളിച്ച് കെ. മുരളീധരൻ പരിഹസിച്ചിരുന്നു. ഇതിന് കൃത്യമായ രാഷ്ട്രീയ മറുപടിയാണ് വീണ ജോർജ് നൽകിയിരിക്കുന്നത്. പ്രതിപക്ഷം സഭയിൽ ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോഴാണ് ആരോഗ്യമന്ത്രി വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നതെന്ന് വീണാ ജോർജ് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഉയർത്തിയ ജനകീയ പ്രശ്നങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോഴാണ് ’10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്നം’ എന്ന് കെ. മുരളീധരൻ സഭയിൽ പറഞ്ഞത്. സോണിയാ ഗാന്ധിയെ ‘മദാമ്മ’യെന്നും അഹമ്മദ് പട്ടേലിനെ ‘അലൂമിനിയം പട്ടേൽ’ എന്നും വിളിച്ച് ആക്ഷേപിച്ച പഴയ മുരളീധരനിൽ നിന്ന് ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഇടയ്ക്കിടെ ജനങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് കൈവരിച്ച നേട്ടങ്ങളെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് മുൻ മന്ത്രി ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ മന്ത്രിക്ക് ദഹിക്കാത്തത് സ്വാഭാവികമാണ്. കാരണം, അന്ന് ഏറ്റവും കൂടുതൽ കള്ളങ്ങൾ പ്രചരിപ്പിച്ചും, അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തിരുന്ന് ആക്രമിക്കാൻ മുന്നിൽ നിന്നത് ഇതേ മുരളീധരനാണ്. അന്ന് വിളിച്ചുപറഞ്ഞ വാക്കുകളൊക്കെ ഇന്ന് ‘ബൂമറാങ്’ പോലെ അവരിലേക്ക് തന്നെ ശക്തമായി തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത് കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണാ ജോർജ് ഓർമ്മിപ്പിച്ചു.

