കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കെ. രാധാകൃഷ്ണന് എംപി കത്തയച്ചു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെയും യാത്രക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണത്തെ തുടര്‍ന്ന് വ്യോമപാതയും വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ വിവരങ്ങളോ ലഭിക്കാതെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ അതീവ ആശങ്കാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ട് തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും എംപി കത്തിലൂടെ ആവശ്യപ്പെട്ടു.

