കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. വി.കെ. സജീവൻ്റെ വിജയത്തിനായി സംഘടിപ്പിച്ച മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ആവേശമായി. മഹാരാഷ്ട്ര മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ചിത്ര കിഷോർ വാഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ മണ്ഡലത്തിന്റെ ഓരോ കോണിലും എത്തിക്കണമെന്നും കുന്ദമംഗലത്തെ വികസന മുരടിപ്പിൽ നിന്ന് മോചിപ്പിക്കാൻ എൻ.ഡി.എയുടെ വിജയം അനിവാര്യമാണെന്നും അവർ പറഞ്ഞു.
എൻ.ഡി.എ കുന്ദമംഗലം നിയോജക മണ്ഡലം കൺവീനർ ടി.പി. സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം സ്വാഗതം ആശംസിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം പൊക്കിണാരി ഹരിദാസൻ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപനം നിർവഹിച്ചു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി. ഉണ്ണികൃഷ്ണൻ, എം. സുരേഷ്, മേഖല ഉപാധ്യക്ഷൻ കെ. നിത്യാനന്ദൻ, ജില്ലാ സെക്രട്ടറി കെ.ടി. വിബിൻ, സംസ്ഥാന സെൽ കോർഡിനേറ്റർ തളത്തിൽ ചക്രായുധൻ, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് അനിൽ കുമാർ, ശശിധരൻ അയനിക്കാട്ട്, പള്ളിക്കൽ കൃഷ്ണൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം ആർ. മഞ്ജുനാഥ് തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
രാവിലെ കാരന്തൂർ ഹര ഹര മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ സ്ഥാനാർത്ഥി അഡ്വ. വി.കെ. സജീവൻ, തുടർന്ന് കുന്ദമംഗലം ടൗൺ പരിസരത്ത് പ്രമുഖ വ്യക്തികളെ സന്ദർശിക്കുകയും ഗൃഹസമ്പർക്കം നടത്തുകയും ചെയ്തു. മണ്ഡലത്തിലെ വോട്ടർമാരിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണ വിജയപ്രതീക്ഷ വർധിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

