ഈ ലോക്ക് ഡൌൺ കാലത്ത് ദുരിതമനുഭവിക്കുകയാണ് കേരളത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. ദുരിത ജീവിതത്തിൽ നിന്നും കരകയറാൻ കോവിഡ് കാലത്ത് മിനിമം ചാർജ് മുപ്പത് രൂപ്കയാക്കി മാറ്റണമെന്നാണ് തൊഴിലാളികളുടെ ആവിശ്യം. നിലവിൽ ബസ്സുകൾ ഹൃസ്വ ദൂര സെർവീസുകൾ ആരംഭിച്ചത് മിനിമം ടിക്കറ്റ് തുക വർധിപ്പിച്ച ശേഷമാണ് പക്ഷെ നിലവിൽ ഈ മേഖലയും നഷ്ടത്തിൽ ഓടുകയാണ്.
സാധാരണക്കാരന്റെ വാഹനം എന്നു പറയുന്ന ഓട്ടോറിക്ഷകള്‍ ഓടിക്കുന്നത് സാധാരണക്കാരില്‍ സാധാരണക്കാരാണ്. അന്നന്നത്തെ ജീവിതം മുന്നോണ്ട് കൊണ്ടുപോവാനായി കഷ്ടപ്പെടുന്ന ഓട്ടോ തൊഴിലാളികളാണ് കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധിയിലായ വിഭാഗം. വരുമാനം നിലച്ചതോടെ പലരും ഭക്ഷണത്തിന് വരെ ബുദ്ധിമുട്ടുന്ന അവസ്ഥയിലെത്തി.അടക്കാനുള്ള ലോണും വായ്പയും വണ്ടിയുടെ ടാക്സുമെല്ലാം എന്തു ചെയ്യുമെന്ന ഘട്ടമെത്തി. ഈ അവസ്ഥയില്‍ സഹായമെന്നോണം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധിയില്‍ നിന്ന് ആനുകൂല്യം പ്രഖ്യാപിച്ചു. എന്നാല്‍ ഭൂരിഭാഗം ഓട്ടോ തൊഴിലാളികളും ക്ഷേമനിധിയില്‍ അംഗമല്ല എന്നതാണ് വാസ്തവം.
ഓട്ടോ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും ക്ഷേമനിധിയെപ്പറ്റി ബോധവാന്മാരല്ല. അതിനാല്‍ തന്നെ കുറച്ചുപേര്‍ മാത്രമാണ് ഇതുവരെ അംഗത്വമെടുത്തത്. അസംഘടിത തൊഴിലാളികളാണ് ഇതില്‍ ഏറെ ബുദ്ധിമുട്ടിയത്. സ്വയം തൊഴിലെന്ന നിലക്ക് ഓട്ടോ വാങ്ങിയവരാണ് ഭൂരിഭാഗം പേരും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം വാങ്ങിയവരും കൂടാതെ വണ്ടിയുടെ ആര്. സി ബുക്ക് പണയംവെച്ച പണം വാങ്ങിയവരുമെല്ലാം ഇതിലുമുണ്ട്.
ലോക്ഡൗണിന് ശേഷം ഓട്ടോകള്‍ നിരത്തിലിറങ്ങിയെങ്കിലും സ്ഥിതിയില്‍ ഒരു പുരോഗമനം വന്നില്ല. ജനങ്ങള്‍ കൂടുതലായ് പുറത്തിറങ്ങാത്തതും ഓട്ടോയില്‍ രണ്ടുപേര്‍ മാത്രം കയറിയാല്‍ മതിയെന്നുള്ള നിബന്ധനയും പ്രയാസത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്. രണ്ടും മൂന്നൂം മണിക്കൂറില്‍ ഒരു ഓട്ടം മാത്രമാണ് കിട്ടുന്നത് എന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്. ഗ്രാമപ്രദേശങ്ങളില്‍ തീരെ ഓട്ടം ലഭിക്കാതെയായി.
പെട്രോള്‍ വിലയിലം മാറ്റങ്ങളും വണ്ടിയുടെ മെയിന്റനന്‍സുമെല്ലാം ആവുമ്പോളേക്ക് കീശ കാലിയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൊറോണ കാലത്ത് ഒരാള്‍ ഒരു ഓട്ടം വിളിച്ചുകഴിഞ്ഞാല്‍ പിന്നീട് തിരിച്ച് വരവില്‍ യാത്രക്കാരൊന്നും ഉണ്ടാവുകയില്ല. എന്നാല്‍ ഓട്ടോയില്‍ കയറുന്നത് സാധാരണക്കാരായതിനാല്‍ അമിത തുകയും വാങ്ങാനാവുകയില്ല.
ഈ ദുരിതത്തിൽ നിന്നും കര കയറാൻ പ്രത്യേക പാക്കേജ് തന്നെ സർക്കാർ പ്രഖ്യാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവിശ്യം. പലിശ രഹിത വായ്പകൾ ലഭ്യമാക്കണം എന്നും ഇവർ പറയുന്നു. ഇനി സർക്കാർ കനിഞ്ഞില്ലെങ്കിൽ മുച്ചക്രത്തിലോടുന്ന ജീവിതങ്ങൾ നിലച്ചു പോകുമെന്നതാണ് വാസ്തവം.