കോഴിക്കോട്: വിശുദ്ധ റമളാനിലെ പവിത്രമായ ദിനങ്ങളുടെ പ്രാധാന്യവും പുണ്യവും പൊതുജനങ്ങളിലെത്തിക്കാനും ആത്മീയ, ധാർമിക ജീവിതത്തിലൂടെ സാമൂഹത്തിന്റെ സമാധാന അന്തരീക്ഷം വീണ്ടെടുക്കാനും മർകസ് സംഘടിപ്പിക്കുന്ന ‘ലയാലീ റമളാൻ’ ക്യാമ്പയിൻ ആരംഭിച്ചു. അനുദിനം വർധിക്കുന്ന കൊലപാതകങ്ങൾക്കും ലഹരി ഉപയോഗങ്ങൾക്കും കലുഷിത അന്തരീക്ഷങ്ങൾക്കും കാരണം ആത്മീയ മൂല്യങ്ങളുടെയും ധാർമിക ബോധത്തിന്റെയും അഭാവമാണ് എന്ന യാഥാർഥ്യം വിളംബരം ചെയ്യാനും ആത്മീയ ജീവിതത്തിന്റെ സാമൂഹിക പ്രസക്തി ബോധ്യപ്പെടുത്താനുമാണ് ഈ റമളാനിലൂടെ മർകസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക പ്രഭാഷണങ്ങളും സൗഹൃദ സംഭാഷണങ്ങളും ഗൃഹ സന്ദർശനങ്ങളും ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കും.
വ്യത്യസ്ത ആത്മീയ, സാമൂഹ്യക്ഷേമ, പഠന പദ്ധതികളോടെ വിപുലമായി നടത്തുന്ന ക്യാമ്പയിൻ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. 30 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ മർകസ് നടപ്പിലാക്കും. നഗരങ്ങളും ഗ്രാമങ്ങളും മസ്ജിദുകളും ആതുരാലയങ്ങളും പൊതുഗതാഗത കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ഇഫ്താർ സംഘടിപ്പിക്കും. ഭക്ഷ്യവിഭവങ്ങൾ, വസ്ത്രങ്ങൾ, പഠനോപാധികൾ, നിത്യോപയോഗ വസ്തുക്കൾ ഇക്കാലയളവിൽ സമ്മാനിക്കും. തെരുവുകളും അനാഥ-അഗതി സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും പൂർവവിദ്യാർഥികളും പദ്ധതികൾക്ക് നേതൃത്വം നൽകും. മർകസ് സെൻട്രൽ ക്യാമ്പസിൽ യാത്രക്കാരും പൊതുജനങ്ങളും ഉൾപ്പെടെ ആയിരത്തഞ്ഞൂറോളം പേർക്ക് ദിവസവും വിപുലമായ നോമ്പുതുറ സൗകര്യവുമുണ്ടായിരിക്കും.
ഹലാവതുൽ ഖുർആൻ, തജ്‌വീദുൽ ഖുർആൻ, റൗളത്തുൽ ഇൽമ്, നൂറുൽ വാഖിഅ, മജ്ലിസുൽ ഇസ്തിഗ്ഫാർ, നൂറുൽ വിത്രിയ്യ തുടങ്ങി ദൈനംദിന പഠന പരിശീലന ക്ലാസുകളും തിദ്കാറു സ്വാലിഹീൻ, വനിതാ പഠന വേദി, പ്രഭാഷണങ്ങൾ, ബദ്ർ സ്‌മൃതി തുടങ്ങി വൈജ്ഞാനിക സദസ്സുകളും ക്യാമ്പയിൻ കാലയളവിൽ നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം കേരളത്തിലെ പ്രമുഖരുടെ മതപ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ പഠനത്തിനും പാരായണ പരിശീലനത്തിനുമായി പ്രത്യേക കോഴ്‌സുകളും തയ്യാർ ചെയ്തിട്ടുണ്ട്. നിപുണരായ ഖുർആൻ പണ്ഡിതരായിരിക്കും റമളാനിലെ പ്രത്യേക നിസ്കാരങ്ങൾക്ക് മസ്ജിദുൽ ഹാമിലിയിൽ നേതൃത്വം നൽകുക. സാമൂഹിക സ്വസ്ഥതക്ക് പ്രാധാന്യം നൽകിയും വിശ്വാസികളുടെ ആത്മീയ ജീവിതത്തെ ചിട്ടപ്പെടുത്തിയും പ്രയാസമനുഭവിക്കുന്ന ജനതയെ ചേർത്തുപിടിച്ചുമാണ് ഇത്തവണത്തെ മർകസ് റമളാൻ ക്യാമ്പയിൻ പുരോഗമിക്കുക.

