സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഭാവിയില്‍ അതുണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡിന്റെ അടുത്ത വേവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മെയ് 7 വരെ കേരളത്തില്‍ 512 രോഗികളേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മരണങ്ങള് അന്ന് സംഭവിച്ചിരുന്നു. ബാക്കിയെല്ലാവരേയും അസുഖം ഭേദമാക്കി വീട്ടിലേക്ക് അയക്കാന്‍ സാധിച്ചു. ഇപ്പോള്‍ വരുന്നവര്‍ കൂടുതലായി രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ നിന്നാണ്. ചെന്നൈയില്‍ നിന്നും വരുന്നവരില്‍ വലിയൊരു ശതമാനവും പോസിറ്റീവാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്.
മാത്രമല്ല രോഗികളായി എത്തുന്ന പലരും അവശ നിലയിലാണ്. മഹാരാഷ്ട്രയില്‍ നിന്നും മലപ്പുറത്ത് എത്തിയ സ്ത്രീയെ ചികിത്സിക്കാന്‍ കൂടി കഴിഞ്ഞില്ല. അതിന് മുന്‍പ് തന്നെ മരിച്ചു പോയി. ആരും മരണപ്പെടാതെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമമാണ് നടത്തുന്നത്. മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ തന്നെയാണ് ശ്രമം എന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.

