Trending

കരൾ പകുത്തു നൽകാൻ അനുവദിക്കാതെ അച്ഛൻ, അനുവദിക്കണമെന്ന് അപേക്ഷിച്ചു ഞാനും യുവ സംവിധായകൻ അധിൻ പറയുന്നു

കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തം കരൾ അച്ഛനു വേണ്ടി ദാനം ചെയ്ത് മാതൃകയായ യുവ സംവിധായകന്റെ വാർത്ത ഏറെ വൈറലായിരുന്നു. തന്റെ ഫേസ്ബുക്കിലൂടെ സംവിധായകൻ തന്നെയായിരുന്നു വാർത്ത പുറത്ത് വിട്ടത്. കോഴിക്കോട് ഒള്ളൂർ സ്വദേശികളായ സുധയുടെയും റിട്ടയർ മിലിറ്ററി ഉദ്യോഗസ്ഥൻ സുധാകരന്റെയും 25 വയസ്സു മാത്രം പ്രായമുള്ള മകൻ, യുവ സംവിധായകൻ അധിൻ ഒള്ളൂർ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോപ്പം ചേരുകയാണ്. അദ്ദേഹവുമായി നടത്തിയ അഭിമുഖം.

അധിൻ അച്ഛന് കരൾ നൽകാമെന്ന തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം?

അച്ഛൻ റിട്ടയർ പട്ടാളക്കാരനാണ്. കഴിഞ്ഞ നാലു വർഷമായി അദ്ദേഹത്തിന് കരൾ സംബന്ധമായ രോഗം ബാധിച്ച് ചികിത്സ ആരംഭിച്ചിട്ട്. കഴിഞ്ഞ ആറു മാസമായി അത് മൂർച്ഛിച്ചു. തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തിന്റെ കരൾ മാറ്റി വെക്കണമെന്ന കാര്യം വ്യക്തമാക്കുകയായിരുന്നു. ആദ്യം കരൾ നല്കാൻ അമ്മയാണ് മുൻപോട്ട് വന്നിരുന്നത് എന്നാൽ പരിശോധനയിൽ അമ്മയുടെ കരൾ നല്കാൻ സാധിക്കില്ലെന്ന് അറിഞ്ഞു. പെട്ടെന്ന് ലഭ്യമാകേണ്ടത് കൊണ്ട് എനിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണ് ഞാൻ നൽകാമെന്ന് തീരുമാനിക്കുന്നത്. ആദ്യം അച്ഛൻ അതിനെ എതിർത്തു. പിന്നീട് ഞാൻ തന്നെ അച്ഛനെ മനസ്സിലാക്കി വലിയ രീതിയിൽ ബാധിക്കില്ല എന്ന് ഉറപ്പു വരുത്തി. ഇപ്പോഴും ശസ്ത്രക്രിയ എല്ലാം കഴിഞ്ഞിട്ടും ഒരു വേദന പോലും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. പിന്നെ യഥാർത്ഥത്തിൽ ഇതൊരു അവസരമായിയാണ് ഞാൻ കണ്ടത്. അച്ഛന് വേണ്ടി മകന് ഇങ്ങനൊരു പ്രവൃത്തി ചെയ്യാൻ കഴിയുന്നത് എന്തിന് ഒഴിവാക്കണം. എനിക്ക് ജീവിതം തന്ന ആളിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടത് എന്റെ കൂടി കടമയാണെന്നാണ് എന്റെ വിശ്വാസം.

ഓപ്പറേഷനു മുൻപ് എന്തൊക്കെ മുൻകരുതൽ എടുത്തിരുന്നു ?

ലോക്ക്‌ഡൗണിനു ഒരാഴ്‍ച മുൻപ് തന്നെ ഇതിനുള്ള ഒരുക്കങ്ങൾ ഞാൻ ആരംഭിച്ചിരുന്നു. പിന്നീട് ലോക്ക് ഡൌൺ കാരണം ഓപറേഷൻ നീണ്ടു പോവുകയായിരുന്നു. ഈ ഓപറേഷനെക്കുറിച്ച് പലർക്കും പേടിയും ഭയവും ഉണ്ടായിരുന്നു. എന്നാൽ അതിന്റെ ആവിശ്യം ഇല്ല എന്ന് ഡോക്ടർമാർ അടക്കമുള്ളവർ പറഞ്ഞിരുന്നു. ഇതിനു വലിയ വേദനയോ മറ്റോ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതിൽ ശ്രദ്ധിക്കേണ്ടത് സർജറി കഴിഞ്ഞതിനു ശേഷം ഇൻഫെക്ഷൻ ഉണ്ടാവാതെ നോക്കണം എന്നതാണ്. ഇൻഫെക്ഷൻ ഉണ്ടായാൽ അത് വളരെ മോശമായി ബാധിക്കാൻ സാധ്യത ഉണ്ട്. ഒരു രണ്ടാഴ്ച വരെ വളരെ അധികം ഡോണർ ശ്രദ്ധയ്ക്കണം. അതെ സമയം സ്വീകരിച്ച വ്യക്തി അതിനേക്കാൾ ശ്രദ്ധിക്കേണ്ടത് ആണ്. കാരണം കുറച്ചു അധികം നാൾ ഇൻഫെക്ഷൻ അടക്കം വരാതെ റസ്റ്റ്‌ ചെയ്യണം. രണ്ടുപേരുടെയും ആരോഗ്യം വളരെ അധികം ശ്രദ്ധിക്കണം. അമ്മയും പെങ്ങളും ചേർന്നാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. വലിയ ഭാരം ഒന്നും കുറച്ചു നാളേക്ക് എടുക്കാൻ പാടില്ല എന്ന് ഡോക്ടർ അറിയിച്ചിട്ടുണ്ട്.

സിനിമ രംഗത്ത് പ്രവർത്തിക്കാൻ കുടുംബം നൽകിയ പിന്തുണ ?

ഒരു സിനിമമോഹിക്ക് കുടുംബത്തിൽ നിന്നും കിട്ടുന്ന പിന്തുണ ഏറെ ഗുണം ചെയ്യുന്നതാണ്. അത്തരത്തിൽ ഭാഗ്യം ചെയ്ത വ്യക്തിയാണ് ഞാൻ. അച്ഛനായിരുന്നു എനിക്ക് ഏറ്റവും അധികം പിന്തുണ നൽകിയിരുന്നത്. ഞാൻ എഞ്ചിനീയറിംഗ് ഡ്രോപ്പ് ഔട്ട് ചെയ്ത സമയത്ത് കുടുംബത്തിന് നിരാശ ഉണ്ടായിരുന്നു. എന്നാൽ എന്റെ സ്വപ്നത്തിനു പിറകെ പോവാൻ അവർ എനിക്ക് പിന്തുണയായി. അച്ഛന്റെ കൈത്താങ്ങാണ് ഇന്ന് ഈ നിലയിലേക്ക് എന്നെ എത്തിച്ചത്. അദ്ദേഹത്തെ പോലെ ഒരാളെ എനിക്ക് പിതാവായി കിട്ടിയതിൽ ഞാൻ എന്നും അഭിമാനിക്കുന്നു.

സിനിമ സ്വപ്നമായി മാറിയത് എപ്പോഴാണ് ?

കൊയിലാണ്ടി ഗവണ്മെന്റ് മാപ്പിള സ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഞാൻ നാട്ടുപുറങ്ങളിലെ ഒരു കല്യാണ വീഡിയോ സഹായിയായി ക്യാമറയ്ക്ക് പിന്നിൽ എത്തുന്നത്. തുടർന്ന് സിനിമ എന്ന വലിയൊരു സ്വപനത്തിലേക്ക് ചിന്തകൾ വഴി മാറി. യഥാർത്ഥത്തിൽ അതായിരുന്നു എന്റെ സിനിമ ജീവിതത്തിലേക്കുള്ള തുടക്കം. പിന്നീട് കൂടുതലായി സിനിമകൾ കാണാനും അതിനെ കുറിച്ച് പഠിക്കാനും തുടങ്ങി. നേരത്തെ എഞ്ചിനീയറിംഗ് ഡ്രോപ്പ് ഔട്ട് ചെയ്തിരിക്കുമ്പോൾ കയ്യിലൊരു കുഞ്ഞു ക്യാമറ ഉണ്ടായിരുന്നു അതിലൂടെ ഞാൻ എന്റെ ജീവിതത്തെ കൂടുതലെടുത്തറിഞ്ഞു. അതോടൊപ്പം പോസ്റ്റർ ഡിസൈൻ വർക്കുകളും കൂട്ടത്തിൽ കൊണ്ടു പോയി അതെനിക്ക് എന്റെ തൊഴിലാണ് സിനിമ അതെന്റെ പാഷനാണ്. ഡിസൈൻ വർക്കിൽ എന്റെ വഴി തിരിവെന്ന് പറയുന്നത് ലാലേട്ടന്റെ ഒടിയനാണ്. സിനിമയുടെ പോസ്റ്റർ ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന്റെ ഒരു കട്ട ആരാധകൻ കൂടിയായ ഞാൻ ഒരു ഫാൻ മേഡ് പോസ്റ്റർ പുറത്തിറക്കി. അതിന് ഭയങ്കരമായ പ്രതികരണം ലഭിക്കുകയുണ്ടായി. ശരിക്കും അതൊരു ആവേശമായി എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ടെന്ന ഒരു തോന്നലുണ്ടാക്കി. ശേഷം ഒരുപാട് ചിത്രങ്ങൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്യാനുള്ള അവസരം ലഭിച്ചു അങ്ങനെ കൂടുതലായി വർക്കുകൾ ചെയ്തു തുടങ്ങി.

സിനിമ ജീവിതത്തിന്റെ തുടക്കം? ഇതുവരെ ചെയ്ത പ്രധാന വർക്കുകൾ ഏതൊക്കെയാണ് ? ഇനി ചെയ്യാനിരിക്കുന്നത് ഏതൊക്കെ ?

സിനിമയിലേക്ക് എത്തുന്നത് ഷോർട് ഫിലിമുകൾ വഴിയാണ്. പതിനെട്ടോളം ഷോർട്ഫിലുമുകളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. കമ്മോഡിറ്റി, എച്ച് ബി ഡി രണ്ടു ഹൃസ്വ ചിത്രം ഞാൻ സംവിധാനം ചെയ്യുകയുമുണ്ടായി. മോക്ക് എന്ന ഷോർട് മൂവിയുടെ പോസ്റ്റർ ചെയ്തപ്പോൾ ആണ് എനിക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. അങ്ങനെ പള്ളിക്കൂടം,ആകാശത്തിനും ഭൂമിക്കിടയിൽ എന്നീ ചലച്ചിത്രങ്ങളിലേക്ക് ഡിസൈൻ ചെയ്യാൻ അവസരം ലഭിച്ചു . അതിന് ശേഷം തമിഴ്, മലയാളം, കന്നഡ പടങ്ങളിൽ നിരവധി അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ ആഗസ്റ്റ് സിനിമാസിന്റെ പൃഥ്വീ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്യാൻ സാധിച്ചു. സംസ്ഥാന അവാർഡ് ലഭിച്ച കോലുമുട്ടായി എന്ന ചിത്രത്തിന്റെ സംവിധായകൻ അഭിജിത്ത് അശോകൻ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ . പിന്നെ ഐ ടി ഐ,1982 പ്രേമവും പ്രതികാരവും, ലൗജിഹാദ്, എന്നീ ചിത്രങ്ങളിൽ വർക്ക് ചെയ്തു. ശേഷം വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്യാനും ,അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കാനും സാധിച്ചു. അതോടൊപ്പം ചിത്രത്തിൽ ചെറിയൊരു വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴ് മികച്ച സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപത്രങ്ങൾ കൈകാര്യം ചെയ്ത നടൻ വെട്രി നായകനായ മെമ്മറീസാണ് ഞാൻ നിലവിൽ വർക്ക് ചെയ്യുന്ന ചിത്രം. ഇനി വരാനിരിക്കുന്നത് അഖിൽ കോട്ടത്തിലെന്ന പുതുമുഖ സംവിധായകൻ ജോജു ജോർജ്‌ ചേട്ടനെ നായകനായി വെച്ച് ചെയ്യുന്ന മലയാള സിനിമയാണ്. അതോടൊപ്പം പെണ്ണന്വേഷണം എന്ന ഞാൻ സംവിധാനം ചെയ്യുന്ന ചിത്രവും വരാനിരിക്കുന്നുണ്ട്. അതിന്റെ വർക്ക് നടന്നു വരികയാണ്.

സിനിമ ജീവിതത്തിലുണ്ടായ സന്തോഷങ്ങൾ ?

പള്ളികൂടം എന്ന ചിത്രത്തിന്റെ പോസ്റ്റർ ചെയ്തത് കണ്ട് എന്നെ നടനും ഡാൻസറുമായ വിനീത് ചേട്ടൻ നേരിട്ട് വിളിക്കുകയുണ്ടായി അത് എനിക്ക് വലിയ സന്തോഷം പകർന്നു. അദ്ദേഹം നല്ല അഭിപ്രായങ്ങൾ പങ്കു വെച്ചു ഒപ്പം അദ്ദേഹത്തിന്റെ ഡാൻസ് ഗ്രൂപ്പിന്റെ ലോഗോ ഉണ്ടാക്കാനായി ആവശ്യപ്പെട്ടു പിന്നീട് അദ്ദേഹത്തിന്റെ തന്നെ നിരവധി വർക്കും തന്നു. അത് പോലെ ലാലേട്ടനെ മൂന്നു തവണ നേരിട്ട് കാണാനായി സംസാരിക്കാനും പറ്റി. ഒരു ആരാധകൻ എന്ന നിലയ്ക്ക് ഏറെ സന്തോഷം തന്നതായിരുന്നു ഈ കൂടി കാഴ്ച്ച. പിന്നെ തമിഴ് ചിത്രത്തിന്റെ ഭാഗമായി നടന്ന ലോഞ്ചിങ്ങിൽ നടൻ കാർത്തിയെ നേരിട്ട് കാണാൻ സാധിച്ചു. ഇതെല്ലാം എന്നെ സന്തോഷത്തിൽ ആഴ്ത്തിയ സംഭവങ്ങളാണ്.

സിനിമ മേഖലയിലെ ഇഷ്ട താരങ്ങൾ ?

സിനിമ നടന്മാരിൽ ലാലേട്ടനും ഫഹദിക്കയുമാണ് ഏറ്റവും ഇഷ്ടപെട്ട താരങ്ങൾ. അൽഫോൻസ് പുത്രനും, ദിലീഷ് പോത്തനുമാണ് ഇഷ്ടപെട്ട സംവിധായകർ

ഇനി മുൻപോട്ടുള്ള ആഗ്രഹങ്ങൾ ?

അമ്മയെയും അച്ഛനെയും പിന്നെ എനിക്കൊരു പെങ്ങളുണ്ട് അഥീന പോളിയ്ക്ക് പഠിക്കുകയാണ് ഇവരെയെല്ലാം നോക്കണം. കൂടുതൽ സിനിമകൾ ചെയ്യണം. അറിയപ്പെടുന്ന സംവിധായകനായി മാറണം. ഡിസൈൻ തുടർന്നും കൂടെ കൂട്ടണം. ഇത്രമാത്രമാണ് ആഗ്രഹങ്ങൾ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!