തിരുവനന്തപുരം : 81 വയസുകാരനായ കണ്ണൂർ സ്വദേശിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. തുടർച്ചയായി 42 ദിവസമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരൻ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. ചികിത്സാ കാലയളവിൽ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. തുടർച്ചയായി രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി വീട്ടിൽ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജൻ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന് കോവിഡ് വൈറസ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഇക്കാര്യം മുഖ്യ മന്ത്രിയാണ് ഔദ്യോഗിക മുഖ പുസ്തകത്തിലൂടെ അറിയിച്ചത്.

