ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോടഞ്ചേരി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. ഈ മാസം 7ആം തീയതി ഇയാള്‍ ചെന്നൈയില്‍ നിന്ന് എത്തിയതാണ്. കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി യോടൊപ്പം മെയ് 7 ന് ചെന്നൈയില്‍ നിന്ന് ടാക്‌സി കാറില്‍ യാത്ര ആരംഭിച്ചു ഉച്ചക്ക് രണ്ടിനും രണ്ടരക്കും ഇടയില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ എത്തി.പരിശോധനകള്‍ക്ക് ശേഷം മറ്റൊരു ടാക്‌സി കാറില്‍ യാത്ര തുടര്‍ന്ന് രാത്രി 9.00 മണിയോടെ ഓമശ്ശേരിയില്‍ എത്തി. വയനാട് സ്വദേശി വയനാട്ടിലെ യാത്ര തുടരുകയും ചെയ്തു. ഓമശ്ശേരിയില്‍ നിന്ന് അച്ഛനോടൊപ്പം സ്വകാര്യ വാഹനത്തില്‍ രാത്രി 9.30 ഓടെ കോടഞ്ചേരി ഗവണ്മെന്റ് കോളേജ് ഹോസ്റ്റലില്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററില്‍ എത്തി.13 ആം തീയതി കൂടെ യാത്ര ചെയ്ത വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ ആംബുലന്‍സില്‍ ഈ വ്യക്തിയെ കോഴിക്കോട് ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. ശ്രവ സാമ്പിള്‍ ശേഖരിച്ചതിന് ശേഷം ആംബുലന്‍സില്‍ തിരികെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഈ വ്യക്തി ഉള്ളത്. ആരോഗ്യനില തൃപ്തികരമാണ്.
ഈ വ്യക്തിയുടെ അച്ഛനെയും മറ്റു കുടുംബാംഗങ്ങളെയും ക്വാറന്റൈനില്‍ ആക്കിയിട്ടുണ്ട്. രണ്ട് ടാക്‌സികളുടെയും ഡ്രൈവര്‍മാരെയും ക്വാറന്റൈനിലേക്ക് മാറ്റും. കോടഞ്ചേരി കോവിഡ് കെയര്‍ സെന്ററിലെ നിരീക്ഷണത്തില്‍ കഴിയുന്ന മറ്റുള്ളവരുമായി ഈ വ്യക്തിക്ക് സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പില്‍ പറയുന്നു.

