തിരുവനന്തപുരം: ഛത്തിസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി കത്തോലിക്ക സഭ.കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡം ആയിരിക്കുമെന്ന് കെസിബിസി അധ്യക്ഷന്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ പറഞ്ഞു. നീതി ലഭിക്കാതെ ബിജെപിയുമായി എന്തു ചങ്ങാത്തമെന്നും കാതോലിക്ക ബാവ ചോദിച്ചു.ജനപ്രതിനിധികള്‍ ജയിലില്‍ പോയി കന്യാസ്ത്രീകളെ സന്ദര്‍ശിച്ചത് വലിയ ആശ്വാസമായെന്നും ബാവ പറഞ്ഞു.
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെഷന്‍സ് പരിഗണിക്കാതെ തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ കോടതി കേസ് എന്‍ഐഎ കോടതിയിലേക്ക് വിടണമെന്നും നിരീക്ഷിച്ചു. കേസ് അന്വേഷിക്കേണ്ടത് ആര്‍പിഎഫും ഛത്തീസ്ഗഢ് പൊലീസും അല്ലെന്നും ബജ്‌റംഗ്ദള്‍ കോടതിയില്‍ വാദിച്ചിരുന്നു..
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് വൈകിട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടക്കും. രാജ്യത്ത് തുടര്‍ച്ചയായി ക്രൈസ്തവര്‍ക്ക് നേരെ പീഡനം ഏല്‍ക്കേണ്ടി വരുന്നതിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ക്രൈസ്തവ സഭകളുടെ പ്രതിഷേധം.

