പേരാവൂര്‍: കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടന്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം. ശക്തമായ കാറ്റില്‍ മരം വീടിന് മുകളില്‍ പതിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തിയുണ്ട്. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി തീവ്രന്യൂനമര്‍ദവുമുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡിഷ, ഝാര്‍ഖണ്ഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടായിരിക്കും.

