ഇന്ന് കര്‍ക്കടകവാവ്. തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല പാപനാശം ബീച്ച്, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പിതൃദര്‍പ്പണം പ്രധാനമായും നടക്കുക. വര്‍ക്കല നഗരസഭയും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ചേര്‍ന്ന് വിപുലമായ സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. പാപനാശം തീരത്ത് 31 ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. പൊലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി എന്നിവയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 500 പൊലീസുകാരെ നിയോഗിച്ചു. അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം, ആംബുലന്‍സുകള്‍ എന്നിവയുടെ സേവനവുമുണ്ട്.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ഒരു സമയം 3500 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ കഴിയും വിധം 9 മണ്ഡപങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 60 പുരോഹിതരും 200 ദേവസ്വം സ്പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു. പാപനാശത്ത് ദേവസ്വം ബലിമണ്ഡപത്തിലാണ് ചടങ്ങുകള്‍ പ്രധാനമായി നടത്തുകയെങ്കിലും തിരക്ക് കണക്കാക്കി പ്രത്യേക പന്തല്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. കടല്‍ക്ഷോഭസാധ്യത കണക്കിലെടുത്ത് കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അരുവിപ്പുറം ക്ഷേത്രത്തിലും, ശംഖുമുഖം തീരത്തും ഉള്‍പ്പടെ വിവിധ ഇടങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും സുരക്ഷയ്ക്ക് പോലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
തിരുന്നാവായ ശ്രീ നവാമുകുന്ദാ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ വാവുബലി പുലര്‍ച്ചെ രണ്ടു മണിയോടെ ആരംഭിച്ചു. പതിനാറ് കര്‍മ്മികളുടെ കാര്‍മ്മികത്വത്തിലാണ് ബലികര്‍മ്മങ്ങള്‍ നടക്കുന്നത്. പിതൃസ്മരണയില്‍ ആയിരത്തോളം പേരാണ് ബലിതര്‍പ്പണത്തിനെത്തിയത്. ഗാന്ധിസ്മാരകത്തിലും അമ്പലത്തിന്റെ കിഴക്കേ നടയിലും സാധാരണയുള്ള രശീതി കൗണ്ടറുകളിലും രജിസ്ട്രേഷന് സൗകര്യമുണ്ട്. വിപുലമായ സൗകര്യങ്ങളും ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്.

