Trending

സമര സഖാവ് ഇനി ജന ഹൃദയങ്ങളിൽ; വലിയ ചുടുകാട്ടിൽ അന്ത്യ വിശ്രമം

സമര സഖാവ്‌ ഇനി ജന ഹൃദയങ്ങളിൽ. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്കാരം വലിയ ചുടുകാട്ടിൽ നടന്നു.കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലാണ് വിഎസിനും അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്താണ് വി എസിന്റെ സംസ്‌കാരം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ച ശേഷം വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീകൊളുത്തി.

സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ ഇന്ന് രാവിലെ കൊല്ലവും ആലപ്പുഴയും പിന്നിട്ടാണ് വി എസിന്റെ സ്വന്തം വേലിക്കകത്ത് വീട്ടിലേക്ക് എത്തിയത്. 22 മണിക്കൂറുകൾ പിന്നിട്ട വിലാപയാത്രയ്ക്കാണ് കേരളം ഒരു രാത്രിയും രണ്ട് പകലും സാക്ഷ്യം വഹിച്ചത്. കുടുംബാംഗങ്ങള്‍ക്ക് വി എസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വീടിനുള്ളില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. ശേഷം പൊതുദര്‍ശനത്തിനായി മുറ്റത്ത് തയ്യാറാക്കിയ പന്തലിലേക്ക് ഭൗതിക ശരീരം മാറ്റുകയായിരുന്നു.

ആര്‍ത്തലച്ചുപെയ്യുന്ന മഴയെ അവഗണിച്ച് പ്രായഭേദമന്യേ കേരളം വിഎസിലേക്ക് ഒഴുകുന്ന കാഴ്ചയാണ് കണ്ടത്. ശേഷം ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെയാണ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പഴയ ജില്ലാ സെക്രട്ടറി അവസാനമായി എത്തിയത്. അവിടെയും സമരനായകന്‍ തങ്ങളിലൂടെ ജീവിക്കുന്നുണ്ടെന്ന് ആർത്ത് വിളിക്കുന്ന ആള്‍ക്കൂട്ടമായിരുന്നു അഭിവാദ്യങ്ങളുമായി കാത്ത് നിന്നത്. ഉറക്കെ ഉറക്കെ വിഎസ് എന്ന രണ്ടക്ഷരത്തിലേക്ക് ആള്‍ക്കൂട്ടം ലയിച്ചു. പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ അടക്കമുള്ളവർ വി എസിന് അന്ത്യയാത്ര നല്‍കാനെത്തി. നിയന്ത്രിക്കാനാകാത്ത തിരക്കാണ് സിപിഐഎം പാര്‍ട്ടി ഓഫീസിലും പരിസരത്തും ഉണ്ടായിരുന്നത്. പെരുമഴയെ വകവെക്കാതെയായിരുന്നു സമരസൂര്യനെ കാണാന്‍ നാട് എത്തിയത്. അരമണിക്കൂര്‍ മാത്രം ജില്ലാ കമ്മിറ്റി ഓഫീസില്‍ തീരുമാനിച്ച പൊതുദര്‍ശനം മണിക്കൂര്‍ കഴിഞ്ഞും നീണ്ടു.

സിപിഐഎം പാർട്ടി ഓഫീസിൽ നിന്ന് വൈകിട്ടോടെയാണ് വി എസിന്റെ ഭൗതിക ശരീരം റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് എത്തിച്ചത്. തുടർന്ന് ഔദ്യോഗിക ബഹുമതിയോടെയുള്ള യാത്രയയപ്പ്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ ഇവിടേയ്ക്കും ജനസാഗരം ഒഴുകിയെത്തി. ‘കണ്ണേ കരളേ വി എസ്സേ’ എന്ന മുദ്രാവാക്യം ഇവിടെയും അലയടിച്ചു. പെയ്തുതോരാത്ത മഴയെ വകവെയ്ക്കാതെ ഇവിടെയും ആളുകൾ പ്രിയ നേതാവിനായി മണിക്കൂറുകൾ കാത്തുനിന്നു. 8.15 ഓടെ വി എസിന്റെ ഭൗതിക ശരീരം റിക്രേയഷൻ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയി. ഈ സമയമത്രയും അന്തരീക്ഷത്തില്‍ ‘ആര് പറഞ്ഞു മരിച്ചെന്ന്, ഞങ്ങളിലൂടെ ജീവിക്കുന്നു’ എന്ന മുദ്രാവാക്യം മുഴങ്ങിക്കൊണ്ടിരുന്നു.

ഒൻപത് മണിയോടെയാണ് വി എസിന്റെ ഭൗതിക ദേഹം വലിയ ചുടുകാട്ടിലേക്ക് എത്തിച്ചത്. ഈ സമയമത്രയും വി എസിനെ കാത്ത് പങ്കാളി വസുമതിയമ്മയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും വലിയ ചുടുകാട്ടിൽ കാത്തിരുന്നു. പ്രിയ നേതാവിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ വലിയ ചുടുകാടിന് പുറത്തും വലിയ ജനക്കൂട്ടം അണിനിരന്നിരുന്നു. വി എസിന്റെ ഭൗതിക ദേഹം എത്തിച്ചതോടെ ജനങ്ങൾ ആർത്തിരമ്പി ഒരു കടലായിമാറി. ഔദ്യോഗിക ബഹുമതികൾക്ക് ശേഷം 9.10 ഓടെ വി എസ്സിന്റെ ഭൗതിക ദേഹം സംസ്കരിച്ചു.

21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!