ചെങ്കടലിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ ഹൂതികള്‍ ചരക്കു കപ്പല്‍ ആക്രമിച്ചു. ആറ് പേര് കൊല്ലപ്പെട്ടു. ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്ന് ഇറാന്റെ പുതിയ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സിന്‍ റെസായി. ഇറാന് വഞ്ചകരായ വിലപേശലുകാരാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഫെബ്രുവരി 28-ന് ഇറാന് യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഹൂതികളുടെ കപ്പല്‍ ആക്രമണത്തില്‍ ഇതാദ്യമായാണ് ആറ് പേര് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട നാവികരില്‍ മൂന്നു പേര് പാകിസ്ഥാനികളും ഒരാള്‍ ഇന്തോനേഷ്യക്കാരനുമാണ്. രക്ഷാ ദൗത്യത്തിനെത്തിയ യെമനി സൈനികരാണ് കൊല്ലപ്പെട്ട മറ്റു രണ്ടു പേര്. ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള തിഹാമ എന്ന ചരക്കുകപ്പലാണ് ഹൂതികള്‍ ചെങ്കടലില്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൈനിക ഉപകരണങ്ങള്‍ വഹിച്ചുകൊണ്ടിരുന്ന സൗദി കപ്പലിനെ ലക്ഷ്യമിട്ടാണ് ആക്രമണെന്നായിരുന്നു ഹൂതികള്‍ വീശദീകരണം.
ഇറാനെതിരായ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച പനാമ പതാകയുള്ള ചരക്ക് കപ്പല്‍ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് തുറക്കണമെങ്കില്‍ മരവിപ്പിച്ച ആസ്തികള്‍ അമേരിക്ക വിട്ടുനല്‍കണമെന്ന് ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സിന്‍ റെസായി ആവശ്യപ്പെട്ടു. മരവിപ്പിച്ച ആസ്തികളുടെ പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും താനാണ് അവരുടെ ബാങ്കറെന്നും ട്രംപിന്റെ മറുപടി.

