മലപ്പുറം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് അത്ര എളുപ്പമായിരിക്കില്ല എന്ന മുന്നറിയിപ്പും കൂടിയാണ് യു ഡി എഫ് നൽകുന്നത്. പോത്തുകല്ല് മണ്ഡലത്തിലെ ഒരു റൗണ്ടില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ് ചെയ്യാനായതെന്ന വസ്തുത സിപിഎമ്മിന് കൊടുക്കുന്ന അപകടസൂചന അത്ര ചെറുതല്ല. സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ പി.വി. അന്‍വര്‍ മണ്ഡലത്തില്‍നിന്ന് സമാഹരിച്ച വോട്ടും ശ്രദ്ധേയമാണ്.
പക്കലുള്ള ഏറ്റവും മികച്ച സ്ഥാനാര്ഥികളിലൊരാള്, നാട്ടുകാരന്, വ്യക്തിപ്രഭാവം അങ്ങനെ പലവിശേഷണങ്ങളുമായി സിപിഎം കളത്തിലിറക്കിയ എം സ്വരാജിന് ലഭിച്ചത് പരാജയത്തിന്റെ കയ്പ്പുനീര്മാത്രം. വോട്ടെണ്ണലിനിടെ അദ്ദേഹത്തിന് ആകെ ലീഡ് നേടാനായത് സ്വന്തം പഞ്ചായത്തില്‍മാത്രം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇതാദ്യമായാണ് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നത്. അത് യുഡിഎഫിന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.
പുതുപ്പള്ളി, തൃക്കാക്കര, പാലക്കാട്, ചേലക്കര, നിലമ്പൂര്‍- രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പുകള്‍ നടന്ന മണ്ഡലങ്ങള്‍ ഇവയാണ്. ഇതില്‍ ആദ്യത്തെ രണ്ട് മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നും പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പുകള്‍ നടന്നത് സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നുമായിരുന്നു. നിലമ്പൂരിലാകട്ടെ ഉപതിരഞ്ഞെടുപ്പിന് വഴിതെളിച്ചത് സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നും. അഞ്ചിടത്തും നേര്‍ക്കുനേര്‍ പയറ്റിയത് സിപിഎമ്മും കോണ്‍ഗ്രസും.
നിലമ്പൂര്‍ ഒഴികെയുള്ളിടങ്ങളില്‍ വീറും വാശിയും നിറഞ്ഞതായിരുന്നു പോരാട്ടമെങ്കിലും മണ്ഡലം പിടിച്ചെടുക്കലോ അപ്രതീക്ഷിത വിജയങ്ങളോ അട്ടിമറികളോ ഉണ്ടായില്ല. തൃക്കാക്കരയും പുതുപ്പള്ളിയിലും പാലക്കാട്ടും കോണ്‍ഗ്രസ് തന്നെ ജയിച്ചു. ചേലക്കര സിപിഎം നിലനിര്‍ത്തി. അട്ടിമറിയുണ്ടായത് നിലമ്പൂരിലായിരുന്നു. അതിനൊരു പകരംവീട്ടലിന്റെ മധുരവുമുണ്ട്. 2016-ല്‍ പിവി അന്‍വറിനോടു പരാജയപ്പെട്ട ആര്യാടന് ഷൗക്കത്ത്, ഒൻപതു കൊല്ലത്തിനിപ്പുറം നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വരാജിനെ തോല്പിച്ച് സഭയിലേക്കെത്തുന്നു.
അന്ന് ഷൗക്കത്തിനെ തോല്പിച്ച അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ച് 15,000 ത്തിലധികം വോട്ട് നേടിയിരിക്കുന്നു. നിലമ്പൂരില്‍ താന്‍ മത്സരിക്കാനില്ലെന്ന് ആദ്യം അന്‍വര്‍ പറഞ്ഞിരുന്നെങ്കിലും യു.ഡി.എഫ് വാതിലടച്ചതോടെ ഒടുവില്‍ സ്വതന്ത്രനായി മത്സരിക്കാനിറങ്ങുകയായിരുന്നു.

