പി.വി അന്‍വറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 25000 വോട്ട് കടക്കുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും കുഞ്ഞാലിക്കുട്ടിയും അന്‍വറിനെ കൂടെക്കൂട്ടാൻ പരമാവധി ശ്രമിച്ചെങ്കിലും അതു നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. നിലമ്പൂരിലെ ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
യുഡിഎഫിന് വലിയ വിജയം നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നു. പിണറായി വിജയന്‍ ഇനി രാജിവയ്ക്കുകയാണ് വേണ്ടത്. രണ്ട് തവണ എല്‍ഡിഎഫ് പിടിച്ച സീറ്റാണ് ഇത്തവണ ആര്യാടന്‍ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ചെന്നിത്തല. അന്‍വര്‍ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടുകളാണ്. അങ്ങനെ വരുമ്പോള്‍ 25000ത്തില്‍പരം വോട്ടുകള്‍ക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടതെന്നും ചെന്നിത്തല.
യുഡിഎഫ് എല്ലാക്കാലത്തും സിപിഎമ്മിനെതിരേ നിലപാട് സ്വീകരിച്ചവരെ കൂടെ കൂട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അന്‍വറിനെ കൂടെ കൂട്ടേണ്ടതായിരുന്നു എന്നു തന്നെയാണ് നിലപാട്. താന്‍ അതിനായി അവസാന നിമിഷം വരെ ശ്രമിച്ചയാളാണ്. ഇനി ഭാവികാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഇത് സെമിഫൈനല്‍ ആയിരുന്നുവെന്നും 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.