ഒരാൾ കൂടുതൽ ഭാഷ പഠിക്കുന്നത് അത്രയും നല്ലതാണെന്നും അമിത് ഷായുടേത് സങ്കുചിത രാഷ്ട്രീയത്തിന്റെ നിലപാടാണെന്നും മന്ത്രി ആർ ബിന്ദു. . ഇംഗ്ലീഷ് ലോക ഭാഷ. ഇംഗ്ലീഷ് പഠിക്കരുത് ലജ്ജാകരമാണ് എന്ന നിലപാട് കുട്ടികളുടെ ആശയലോകത്തെ ഇടുങ്ങിയതാക്കുമെന്നും ബിന്ദു പറഞ്ഞു.
ഭാഷാപരിഷ്കരണം എന്നത് ഹിന്ദി അടിച്ചേൽപ്പിക്കൽ അല്ലെന്നും ഗവർണറും മന്ത്രിമാരും തമ്മിലുള്ളത് ആശയപരമായ വൈരുദ്ധ്യം ആണെന്നും .രാജ്ഭവനെ ആർഎസ്എസ് പ്രചാരണത്തിനുള്ള കേന്ദ്രമാക്കി മാറ്റുന്നത് ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ആണ് അതിന് തുടക്കമിട്ടതെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനയെയാണ് വന്ദിക്കേണ്ടത്. ആർഎസ്എസിന്റെ ബിംബങ്ങൾ ശേഖരിച്ച് വയ്ക്കാനുള്ള ഇടമായി രാജ്ഭവനെ തരംതാഴ്ത്തരുത്. അതിനു മുൻപിൽ താണു വഴങ്ങാൻ മന്ത്രിമാരെ നിർബന്ധിക്കരുത്. പ്രോട്ടോകോൾ ലംഘനം നടത്തിയത് ഗവർണറാണ്. മന്ത്രി ശിവൻകുട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും അതുതന്നെയാണ് സർക്കാരിന്റെയും നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്‍റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു

