അഹ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ് പ്രതികരിച്ചു. ‘അതിപ്പോഴും അവിശ്വസനീയമാണ്. താന്‍ ജീവനോടെ രക്ഷപ്പെട്ടു എന്ന് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതെന്റെ രണ്ടാം ജന്മമാണ്. അഹ്മദാബാദിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് ഈ വാക്കുകള്‍ പറയുമ്പോള്‍ വിശ്വാസ് കുമാറിന്റെ വാക്കുകള്‍ മുറിഞ്ഞു പോകുന്നു. വ്യാഴാഴ്ച ഉച്ചക്ക് അഹ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എ.ഐ 171 വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാസ് കുമാര്‍ രമേശ്. മരണത്തില്‍നിന്ന് തിരിഞ്ഞു നടന്ന വിശ്വാസ് കുമാര്‍ ഏവര്‍ക്കും അദ്ഭുതമാവുകയാണ്. 230 യാത്രക്കാരില്‍ ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനായ വിശ്വാസ് മാത്രമാണ് രക്ഷപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ആശുപത്രിയിലെത്തി വിശ്വാസിനെ കണ്ടിരുന്നു.വിമാനത്തിന്റെ ഇടതുവശത്തുള്ള എമര്‍ജന്‍സി വാതിലിനടുത്തുള്ള 11അ സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്. ‘പറന്നുയര്‍ന്ന് അല്പസമയത്തിനുള്ളില് വിമാനത്തില്‍നിന്ന് തന്റെ സീറ്റ് തെറിച്ചു പോയി’. ‘വിമാനം തകര്‍ന്നു, എന്റെ സീറ്റ് തെറിച്ചു പോയി, അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്.’
വിറയാര്‍ന്ന സ്വരത്തില്‍ അഹ്മദാബാദ് സിവില്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം പറയുന്നു. താന്‍ അപകട സമയം വിമാനത്തില്‍ നിന്ന് ചാടിയില്ലെന്നും വിശ്വാസ് പറഞ്ഞു. നിലവില്‍ ട്രോമ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് വിശ്വാസ്.

