Kerala kerala

അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ സമഗ്ര ഗുണമേന്മാ പദ്ധതി; മന്ത്രി വി ശിവന്‍കുട്ടി

അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ സമഗ്ര ഗുണമേന്മാ പദ്ധതി ആരംഭിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അക്കാദമിക് മികവും ഗുണനിലവാരവും ഉറപ്പാക്കാന്‍ നടപ്പിലാക്കിയ മറ്റ് പദ്ധതികള്‍ക്ക് പുറമെയാണിത്. അക്കാദമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികള്‍ക്കുമായി മാത്രമായി 37.80 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വലിയ മാറ്റങ്ങള്‍ വരുത്തി. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികള്‍, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റലൈസേഷന്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ തുടങ്ങിയവ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് ഓരോ വിദ്യാലയത്തേയും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തേണ്ടതുണ്ട്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും അവ കാര്യക്ഷമമായി നടപ്പാക്കുകയും വേണം. കഴിഞ്ഞ കാലങ്ങളില്‍ നാം നടത്തിയ ക്രിയാത്മക ഇടപെടലുകളുടെ ഫലമാണ് ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കാണുന്നത്.

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന അതിപ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ ഭാഗമായാണ് 2016ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതും സംസ്ഥാനത്തെ ഭൂരിഭാഗം പൊതുവിദ്യാലങ്ങളുടെയും അടിസ്ഥാന ഭൗതിക സാഹചര്യം മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതും. ഈ ഭൗതിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി അക്കാദമിക ഗുണമേന്മ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അക്കാദമിക ഗുണമേന്മാ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് പാഠ്യപദ്ധതിയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ വര്‍ഷത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. കേവലമായ പാഠ്യപദ്ധതി നവീകരണത്തിന്റെയും പാഠപുസ്തക പരിഷ്‌കരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രം ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയില്ല. മറിച്ച് ഇത് വിദ്യാലയങ്ങളില്‍ കൃത്യമായി പഠിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം.

ലക്ഷ്യങ്ങള്‍
1) അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക
2) മൂല്യനിര്‍ണയ രീതിശാസ്ത്രം പരിഷ്‌കരിക്കുകയും സമഗ്രമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍
3) സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍.
4) ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍
5) അധ്യാപക പരിശീലന ഉറപ്പുവരുത്താനും നവീകരിക്കുവാനും. പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി
6) വിദ്യാഭ്യാസ രംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നവീകരിക്കുവാനും നൂതനമാക്കുന്നതിനും
7) ഗുണമേന്മാ വിദ്യാഭ്യാസത്തിനായി സമൂഹത്തിലെ മറ്റ് സ്ഥാപനങ്ങള്‍, വകുപ്പുകള്‍, സമിതികള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കുന്നതിന്
8) ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് ജനങ്ങളെ അറിയിച്ച് അവരുടെ സഹകരണം ഉറപ്പാക്കുന്നതിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍.

വരുന്ന അധ്യയന വര്‍ഷം സംസ്ഥാനം അതിതീവ്രമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണിത്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ശില്പശാലയും ഫെബ്രുവരി 18ന് രാവിലെ പത്തരയ്ക്ക് സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കും.

2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശന നടപടികള്‍

  • വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഒന്നാം ക്ലാസ്സില്‍ കുട്ടികള്‍ക്ക് പ്രവേശനത്തിനായി 6 വയസ്സാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നാം ക്ലാസ്സില്‍ കുട്ടികള്‍ക്ക് പ്രവേശനത്തിനായി 5 വയസ്സാണ് നിശ്ചയിച്ചിരിക്കുന്നത്.
  • വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്സുവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
  • സര്‍ക്കാരിന്റെയും പൊതുവിദ്യാഭ്യാസ ഡയറക്ടറടെയും നിര്‍ദ്ദേശാനുസരണം ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്ന് യാതൊരു വിധ നിര്‍ബന്ധിത ഫീസോ മറ്റ് പിരിവുകളോ നടത്തരുതെന്ന് ഇതിനകം തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്.
  • ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കാത്തതോ മുന്‍കൂര്‍ അനുമതി വാങ്ങാത്തതോ ആയ യാതൊരു ഫീസോ പണ പിരിവോ നടത്തരുതെന്ന് എല്ലാ പ്രധാന അധ്യാപകരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
  • പി.റ്റി.എ. ഫണ്ട് സമാഹരണം 2027 ജൂണ്‍25 ലെ ഉത്തരവുപ്രകാരം പരമാവധി പിരിക്കാവുന്ന തുകയില്‍ അധികരിക്കാതെ പിരിക്കേണ്ടതും, ആയതിന്റെ വ്യക്തമായ വരവ് ചെലവ് കണക്കുകള്‍ അതത് ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ടതുമാണെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അവധിക്കാല അധ്യാപക സംഗമത്തിന്റെ പ്രധാന ഉള്ളടക്കമേഖലകള്‍

  • പരിഷ്‌കരിച്ച പാഠ്യപദ്ധതിയും പുതിയ പാഠപുസ്തകങ്ങളെയും അടിസ്ഥാനമാക്കിയുള്ള പഠനലക്ഷ്യങ്ങള്‍ കുട്ടികള്‍ കൈവരിക്കുന്നതിനുതകുന്ന രീതിയിലുള്ള പരിശീലനം
    അധ്യാപകര്‍ക്കു നല്‍കുന്നു.
  • സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ചുള്ള പരിശീലനം.
  • പുതിയ പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്സ്റ്റ് എന്നിവയുടെ പരിചയപ്പെടലും പാഠപുസ്തകങ്ങളിലെ ആശയമേഖലകള്‍ക്കും വിനിമയ സാധ്യതകള്‍ ഉള്‍പ്പെടുത്തിയും ഉള്ള പരിശീലനം.
  • കേരള പാഠ്യപദ്ധതിചട്ടക്കൂട് രണ്ടായിരത്തി ഇരുപത്തി മൂന്ന് സമീപനം, പൊതുലക്ഷ്യങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി വിഷയബന്ധിതമായി അധ്യാപകരെ പരിചയപ്പെടുത്തുന്നു.
  • പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ-കായിക വിദ്യാഭ്യാസം, തൊഴില്‍
    ഉദ്ഗ്രഥന വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള പൊതുധാരണ.
  • രക്ഷാകര്‍തൃവിദ്യാഭ്യാസം, ഡിജിറ്റല്‍ ടെക്സ്റ്റ്, ലഹരി വിമുക്ത ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍, മാലിന്യനിര്‍മ്മാര്‍ജന പരിപാടികള്‍.
  • ഓരോ ക്ലാസ്‌റൂമിലും എല്ലാ വിഭാഗം കുട്ടികളെയും പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പരിശീലനം.
  • വ്യത്യസ്തതരത്തിലുള്ള ചോദ്യമാതൃകകള്‍ പരിചയപ്പെടാനും അതിനനുസരിച്ച് പ്രതികരിക്കാനും കഴിയുന്നവിധത്തില്‍ കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പരിശീലനം.
  • ശാസ്ത്രവിഷയങ്ങളില്‍ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും അനുഭവാധിഷ്ഠിതപഠനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന പരിശീലനം.

നാസ്/പി.ആര്‍.എസ്. രണ്ടായിരത്തി ഇരുപത്തി നാലിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭിച്ച തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍.

  • സ്‌കൂള്‍ എസ് ആര്‍ ജി മീറ്റിംഗുകളും സബ്ജക്ട് കൗണ്‍സില്‍ യോഗങ്ങളും കാര്യക്ഷമമായി നടത്തുന്നതിനുള്ള പരിശീലനം.
  • ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷകളില്‍ നമ്മുടെ കുട്ടികള്‍ക്ക് മികച്ച നിരവാരം പുലര്‍ത്തുന്നതിനു നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍.
  • നിരന്തരമൂല്യനിര്‍ണ്ണയം കാര്യക്ഷമമാക്കുന്നതിനും കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ജനകീയമായി തയ്യാറാക്കുന്നതിനുമുള്ള
    പ്രവര്‍ത്തനങ്ങള്‍.
  • കുട്ടിയുടെ പഠനപുരോഗതി രേഖ (ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ്), ചോദ്യപേപ്പര്‍ നിര്‍മാണം, അക്കാദമിക മോണിറ്ററിംഗ്.
  • പ്രീ-സ്‌കൂള്‍ സമീപനം, വിനിമയ തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ നല്‍കുന്ന തരത്തില്‍ പ്രീ-സ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം.
  • പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍
  • പഠനപോഷണ പരിപാടികള്‍
  • നൂതന പരീക്ഷാരീതികള്‍
  • നിരന്തര വിലയിരുത്തലിന്റെ രീതിശാസ്ത്രം
  • അധ്യാപകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യത്യസ്തങ്ങളായ മൊഡ്യൂളുകള്‍ ഉള്‍പ്പെടുത്തിയുള്ള പരിശീലനം.
  • സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഓണ്‍ലൈന്‍ പരിശീലനങ്ങളും പരിശീലനത്തിന്റെ ഭാഗമാക്കും.
  • കുട്ടികളില്‍ നൂതനാശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും നൂതനചിന്ത പരിപോഷിപ്പിക്കുന്നതിനും സഹായകമായ രീതിയില്‍ പാഠഭാഗങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാവശ്യമായ പരിശീലനം.
  • സ്വന്തം വിദ്യാലയത്തിനെയും ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളെയും പഠനപ്രക്രിയകളെയും സ്വയം വിലയിരുത്തുന്നതിന് ആവശ്യമായ ടൂളുകള്‍ പരിചയപ്പെടല്‍.
  • സഹിതം പോര്‍ട്ടല്‍ പരിചയപ്പെടല്‍.
  • മാറുന്ന കാലഘട്ടത്തിലെ കുട്ടികളുടെ
    പ്രകൃതം, മന:ശാസ്ത്രസമീപനം, കുട്ടികളുടെ മാനസിക ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശീലനം.
  • ഉള്ളടക്ക മേഖലകള്‍ നിശ്ചയിച്ച് അതിന്റെ
    അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ ക്രമപ്പെടുത്തി പരിശീലനം നല്‍കും.
    മേല്‍ സൂചിപ്പിച്ച മേഖലകള്‍ അവധിക്കാല
    അധ്യാപകസംഗമങ്ങളിലും തുടര്‍ ക്ലസ്റ്റര്‍
    പരിശീലനങ്ങളിലുമായി ചര്‍ച്ചചെയ്യും. ഇതിനു പുറമേ ഓണ്‍ലൈന്‍ പരിശീലനങ്ങളും നല്‍കും.
    ക്ലസ്റ്റര്‍ പരിശീലനങ്ങള്‍

ക്ലാസ് മുറികളില്‍ കാര്യക്ഷമമായ പഠനം
നടക്കുന്നതിന് അധ്യാപകരുടെ അറിവും
ധാരണകളും നിരന്തരം പുതുക്കേണ്ടതായിട്ടുണ്ട്.
പാഠ്യവിഷയത്തിലും വിനിമയത്തിലും നൂതനമായ ധാരണകളും സങ്കേതങ്ങളും അധ്യാപകര്‍
ആര്‍ജിക്കേണ്ടതുണ്ട്.
ഇതിനു തുടര്‍ച്ചയായ പരിശീലന പരിപാടികള്‍
നടപ്പിലാക്കേണ്ടതുണ്ട്.
ഇതിനായി എല്ലാ ടേമിലും ഏകദിന ക്ലസ്റ്റര്‍
പരിശീലനങ്ങള്‍ അടുത്ത അധ്യയനവര്‍ഷം
സംഘടിപ്പിക്കും.
പുതുതായി ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്കായി റസിഡന്‍ഷ്യല്‍ രീതിയില്‍ നവാധ്യാപക
പരിശീലനങ്ങളും പ്രഥമാധ്യാപക പരിശീലനങ്ങളും രണ്ടായിരത്തി ഇരുപത്തിയഞ്ച് ഇരുപത്തിയാറ് വര്‍ഷം സംഘടിപ്പിക്കും.
അവധിക്കാല അധ്യാപക സംഗമങ്ങള്‍ക്കുള്ള
അധ്യാപകരുടെ രജിസ്‌ട്രേഷന്‍ കൈറ്റിന്റെ
ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റം മുഖേന
നടത്തും. കൈറ്റ് ടി എം എസ് മുഖേന അധ്യാപക രജിസ്‌ട്രേഷന്‍, ഹാജര്‍, അക്വിറ്റന്‍സ്, ഹാജര്‍
സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കും.
അവധിക്കാല അധ്യാപകസംഗമത്തിനായി
പ്രത്യേക പരിശീലന മൊഡ്യൂള്‍ എസ്.സി.ഇ.ആര്‍. ടി. യുടെ നേതൃത്വത്തില്‍ തയ്യാറാക്കും.
കോര്‍ എസ് ആര്‍ ജി, എസ് ആര്‍ ജി പരിശീലനങ്ങളും എസ്.സി.ഇ.ആര്‍. ടി. യുടെ നേതൃത്വത്തില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി സംഘടിപ്പിക്കും.
ഡി ആര്‍ ജി പരിശീലനങ്ങളും ഫീല്‍ഡ്തല
അധ്യാപകസംഗമങ്ങളും സമഗ്ര ശിക്ഷാ
കേരളത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.
അധ്യാപകസംഗമത്തിന്റെ സുഗമമായ നടത്തിപ്പിനും മോണിറ്ററിംഗിനുമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന-ജില്ലാ-ബ്ലോക്കുതല മോണിറ്ററിംഗിന് സമിതികള്‍
രൂപീകരിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം
വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ വര്‍ഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ നൂറ്റി എഴുപത്തിയേഴ് ടൈറ്റില്‍ പുസ്തകങ്ങള്‍ പരിഷ്‌കരിച്ച് കൃത്യസമയത്തുതന്നെ വിതരണം ചെയ്തിരുന്നു. ഈ വര്‍ഷം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ ഇരുന്നൂറ്റിയഞ്ച് ടൈറ്റില്‍
പാഠപുസ്തകങ്ങള്‍ കരിക്കുലം കമ്മിറ്റി അംഗീകരിക്കുകയും അച്ചടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പുതുക്കിയ പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ മാര്‍ച്ച് അവസാന വാരത്തില്‍ തന്നെ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാക്കിയുളള ക്ലാസുകളില്‍ മെയ് ആദ്യ
വാരത്തോടുകൂടി വിതരണം പൂര്‍ത്തിയാകും.
പ്രീപ്രൈമറി ക്ലാസുകളിലേയും പുതിയ പുസ്തകങ്ങള്‍ അടുത്ത അധ്യയനവര്‍ഷം നിലവില്‍ വരും.
ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 11, 12 ക്ലാസുകളില്‍ പുസ്തക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ 2025 ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!