പത്തനംതിട്ട: പീഡനക്കേസ് പ്രതിയായ നേതാവിനെ സി.പി.എം തിരിച്ചെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ലോക്കല്‍ കമ്മിറ്റി അംഗം സി.സി സജിമോനെയാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. 2018ല്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡി.എന്‍.എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയ കേസിലും പ്രതിയാണ് സജിമോന്‍. വനിതാ നേതാവിനെ ലഹരി നല്കി നഗ്നവീഡിയോ ചിത്രീകരിച്ച കേസും സജിമോനെതിരെയുണ്ട്.
കണ്ട്രോള് കമ്മീഷന് പുറത്താക്കല്‍ റദ്ദാക്കിയതോടെയാണ് സജിമോനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. 2023 ഡിസംബറിലാണ് സജിമോനെ പുറത്താക്കിയത്. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്ത ആളാണ് സജിമോന്‍. ഇവരുടെ പിന്തുണയാണ് പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ സഹായിച്ചതെന്നാണ് വിവരം.

