തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി എല്‍.ഡി.എഫും യു.ഡി.എഫും. സര്‍വേ റിപ്പോര്‍ട്ടുകളേക്കാള്‍ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് അവകാശവാദം. യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന പ്രവചനം എല്‍.ഡി.എഫ് അംഗീകരിക്കുന്നില്ല.
എക്‌സിറ്റ് പോള്‍ ഫലം പല സംസ്ഥാനങ്ങളിലും ശരിയാണെന്ന് തോന്നുന്നില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വിഭിന്നമായ ജനവിധി കാത്തിരിക്കുന്നു. വടകരയില്‍ നല്ല ഭൂരപക്ഷത്തില്‍ ജയിക്കും. സംസ്ഥാനത്ത് മുഴുവന്‍ സീറ്റിലും ജയിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കേരളത്തില്‍ ഒരു മണ്ഡലത്തിലും ബി.ജെ.പി ജയിക്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പറഞ്ഞു. അതിനുള്ള സാഹചര്യം ഇനിയുണ്ടാവുകയുമില്ല. എക്‌സിറ്റ് പോള്‍ വസ്തുതാപരമെന്ന് ഒരു കാരണവശാലും വിശ്വസിക്കാന്‍ കഴിയില്ല. തൃശൂരില്‍ കെ. മുരളീധരന് പരാജയഭീതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിക്ക് ഒരു സീറ്റ് പോലും കേരളത്തില്‍ ലഭിക്കില്ലെന്ന് പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഐസക്. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് തന്നെ ജയിക്കുമെന്ന് സ്ഥാനാര്‍ഥി വി ജോയ് പറഞ്ഞു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് യുഡിഎഫ് വിലയിരുത്തലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.
കേരളത്തില്‍ സിപിഎം തകര്‍ന്ന് ബിജെപി വളരുന്ന സാഹചര്യം ആശങ്കപെടുത്തുന്നുണ്ടെന്ന് ആര്‍എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു.

