തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍കുട്ടി പിടിക്കപ്പെടാതിരിക്കാന്‍ രൂപമാറ്റം നടത്തി. സംഭവത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് പഴനിയില്‍ പോയ ഇയാള്‍ മുടി മൊട്ടയടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആലുവയില്‍ എത്തി തട്ടുകടയില്‍ പണിയെടുത്തു. വര്‍ക്കല അയിരൂര്‍ സ്വദേശിയായ ഇയാള്‍ മുന്‍പും സമാനമായ കേസുകളില്‍ പ്രതിയായിട്ടുണ്ട്.
മുന്‍പ് കൊല്ലത്ത് റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികുട്ടിയെ തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. അന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദിച്ചു. പൊലീസ് എത്തിയപ്പോള്‍ കേസില്ല എന്ന് പറഞ്ഞതോടെ വിട്ടയക്കുകയായിരുന്നു. നാടോടികള്‍ പരാതി നല്‍കാത്തത് കൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രതി മൊഴി നല്കി.
പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22നാണ് ഇയാള്‍ പുറത്തിറങ്ങിയത്. അതിനു പിന്നാലെയാണ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ചാക്കയില്‍ കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്നും പ്രതി സമ്മതിച്ചു. കൊല്ലം ചിന്നക്കടയില്‍ നിന്ന് ഇന്നലെ രാവിലെയാണ് ഹസന്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ പോക്സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നര വര്‍ഷം ജയിലില്‍ കിടന്ന ചരിത്രവും ഇയാള്‍ക്കുണ്ട്.
സംഭവ ദിവസം പ്രതി കൊല്ലത്തുനിന്നു വര്‍ക്കലയ്ക്ക് ട്രെയിനില്‍ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാല്‍ പേട്ട സ്റ്റേഷനിലിറങ്ങി. നടന്ന് ചാക്കയില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് ഇവിടെ ചുറ്റിത്തിരിഞ്ഞ ഹസന് കുട്ടിക്ക് മിഠായി നല്കി അടുത്തുകൂടി. രാത്രി ഇവര്‍ ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. കുട്ടി കരഞ്ഞപ്പോള്‍ വായ് മൂടിയെന്നും പിന്നീട് അനക്കമില്ലാതായപ്പോള്‍ മരിച്ചെന്നു കരുതി പുലര്‍ച്ചയ്ക്ക് മുന്‍പ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതി ഹസ്സന്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

