News

കുട്ടികള്‍ക്കെതിരായ ഗാര്‍ഹിക പീഡനം: കൂടുതല്‍ നിരീക്ഷണം വേണം – മുഖ്യമന്ത്രി

കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നല്ലൊരു ശതമാനവും വീടുകളിലാണെന്നത് ദൗര്‍ഭാഗ്യകരമാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള കവചത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ വീട്ടിലെ സാഹചര്യം, വീടുമായി ബന്ധപ്പെടുന്നവര്‍, ചുറ്റുപാട് എന്നിവയൊക്കെ ഗൗരവമായ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. സാമൂഹ്യ സുരക്ഷ വകുപ്പിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പദ്ധതി വരുമ്പോള്‍ ഇത് കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ പറ്റുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകള്‍, വയോധികര്‍ തുടങ്ങി സമൂഹത്തില്‍ പ്രത്യേക സുരക്ഷ ആവശ്യമുള്ള നിരവധി പേരുണ്ട്. പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ ഇക്കാര്യം കാണുന്നത്. ഇവരെയൊക്കെ പദ്ധതിയുടെ ഭാഗമാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോക്‌സോ കേസുകള്‍ കൃത്യസമയത്ത് രജിസ്റ്റര്‍ ചെയ്യാനും നടപടികള്‍ വേഗത്തിലാക്കാനും സാധിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഇത്തരം കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത് കുറവാണ്.അതില്‍ മാറ്റം വരണം. പോക്‌സോ കേസുകളുടെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനത്താകെ 28 പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനൊപ്പം ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് വകുപ്പിലും ബോധവല്‍ക്കരണം ആവശ്യമാണ്. കുട്ടികളെ ചോദ്യം ചെയ്യുന്നതില്‍ പോലും ശാസ്ത്രീയത വേണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. സമീപകാലത്ത് സാമൂഹ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വെ പ്രകാരം സംസ്ഥാനത്താകെ 11,00,432 കുട്ടികളാണ് പ്രത്യേക സുരക്ഷ അര്‍ഹിക്കുന്നത്.

കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള കുട്ടി ഡോക്ടര്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വീടിനകത്തും പുറത്തും സന്തോഷകരമായ ജീവിതം ഉറപ്പാക്കുന്നതാണ് കവചം പദ്ധതി. സാമൂഹ്യ സുരക്ഷ വകുപ്പിനെയും സഹകരിപ്പിച്ചാവും സര്‍വ്വേ ഉള്‍പ്പടെ നടത്തുക. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ റെയ്ഞ്ച് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രസിദ്ധികരിച്ച കൈപ്പുസ്തകത്തിന്റെയും  റേഞ്ച് ഡിഐജി കെ സേതുരാമന്‍ രചിച്ച മലയാളി ഒരു ജനിതക വായന എന്ന പുസ്തകത്തിന്റെയും കുട്ടികളുടെ സുരക്ഷ, സ്ത്രീ സുരക്ഷ, റോഡ് സുരക്ഷ എന്നീ ലക്ഷ്യം മുന്‍നിര്‍ത്തി അന്‍ഷാദ് കരുവഞ്ചാല്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം  കാഴ്ച്ചക്കപ്പുറം സി ഡി പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായി. മേയര്‍ സുമാ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഉത്തരമേഖല ഐ ജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, റേഞ്ച് ഡി ഐ ജി കെ സേതുരാമന്‍, ജില്ലാ ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഇ ഡി ജോസഫ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ എ പി പ്രസന്ന എന്നിവര്‍ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!