പാലക്കാട്: ആലത്തൂര്‍ കഴനിയിലെ ബാറില്‍ മദ്യപിക്കാനെത്തിയവരും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വെടിവയ്പ്. എയര്‍ ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ് ബാര്‍ മാനേജരായ രഘുനന്ദന് പരുക്കേറ്റു. രണ്ട് ജീവനക്കാര്‍ക്ക് നേരെ അക്രമികള്‍ കുപ്പി എറിയുകയും ചെയ്തു. കഞ്ചിക്കോട് സ്വദേശികളായ അഞ്ചുപേരെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് ആണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവര്‍ സര്‍വിസ് മോശമാണെന്ന് പറഞ്ഞ് ബഹളംവെക്കുകയും രണ്ട് കസേരകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. നശിപ്പിച്ച കസേരകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കിയാണ് ഇരുവരെയും ബാര്‍ ജീവനക്കാര്‍ വിട്ടത്. ഇതിന്റെ പ്രതികാരമായി അക്രമികള്‍ രാത്രി വീണ്ടും തിരിച്ചെത്തുകയും വെടിവെക്കുകയുമായിരുന്നു.