തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ അപ്പീല്‍ നല്കി. സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. രാഹുലിനെ അറസ്റ്റ് ചെയ്ത സാങ്കേതിക നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചതെന്നാണ് പ്രോസിക്യൂഷന് വാദം. പട്ടികകൊണ്ട് പൊലീസിനെ അടിച്ചു, വനിതാ പ്രവര്‍ത്തകരെ മുന്നില്‍നിര്‍ത്തി പൊലീസിനെതിരെ ആക്രമണം നടത്തി തുടങ്ങിയ ആരോപണങ്ങളും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

