ആലുവ: റെക്കോര്‍ഡിട്ട് ആലുവ സ്വദേശി മുഹമ്മദ് കയ്യിസ്. പെരിയാറിന് കുറുകെ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡ്. മണപ്പുറം മണ്ഡപം കടവില്‍ നിന്ന് ദേശം കടവിലേക്ക് 780 മീറ്റര്‍ ആണ് അഞ്ച് വയസുകാരന്‍ നീന്തിയത്. മൂന്ന് മാസത്തെ പരിശീലനത്തോടുവിലാണ് മുഹമ്മദ് കയ്യിസ് പെരിയാര്‍ നീന്തി കടന്നത്.’ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തല്‍ പരിശീലിക്കൂ’ എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തല്‍ പ്രകടനം.
അല്‍പ്പ സമയം മാറ്റിവെച്ച് നീന്തല്‍ പഠിക്കുന്നതിന് തയ്യാറായി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും നീന്തല്‍ പഠിക്കാന്‍ കഴിയും. അങ്ങനെ ആരും മുങ്ങി മരിക്കാത്ത ഒരു സ്ഥിതി നമുക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കയ്യിസിലൂടെ തെളിയിച്ചതെന്ന് പരിശീലകന്‍ സജി വാളശ്ശേരില്‍ പറഞ്ഞു. സുധീര്‍ – റിനുഷ ദമ്പതികളുടെ മകനാണ് യുകെജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് കയ്യിസ്.
14 വര്‍ഷമായി മണപ്പുറം ദേശം കടവില്‍ നീന്തല്‍ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി അന്‍വര്‍ സാദത്ത് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു.

