ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സുല്‍ത്താന്‍പുരി ഏരിയയില്‍ വഴക്കിനിടെ ഭര്‍ത്താവിന്റെ ചെവി ഭാര്യ കടിച്ചെടുത്തു. 45കാരനായ ഭര്‍ത്താവിന്റെ വലതുചെവിയാണ് മുറിഞ്ഞത്. ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ സ്ത്രീക്കെതിരെ കേസെടുത്തു. നവംബര്‍ 20നായിരുന്നു സംഭവം.
‘രാവിലെ മാലിന്യം കൊണ്ടിടാന്‍ പുറത്തുപോകുമ്പോള്‍ വീട് വൃത്തിയാക്കണമെന്ന് ഭാര്യയോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. തിരിച്ചെത്തിയപ്പോള്‍ മുതല്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഭാര്യ വഴക്ക് ആരംഭിച്ചു. അവള് മര്‍ദിക്കാന്‍ വരെ ശ്രമിച്ചു. അത് ഞാന്‍ തടഞ്ഞു. ഇതോടെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരുങ്ങവെ പിന്നില്‍ നിന്നും പിടിച്ച് ചെവി കടിച്ച് പറിക്കുകയായിരുന്നു. ഇതുകണ്ട മകനാണ് ആശുപത്രിയിലെത്തിച്ചത്’ -ഭര്‍ത്താവ് പറയുന്നു.
സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

