മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു ജയിലിൽ തുടരും.കേസിൽ തുടർവിചാരണ അടുത്തമാസം നാലിന്. റിമാൻഡ് കാലാവധി പൂർത്തിയാക്കിയ ഗ്രോ വാസുവിനെ കുന്ദമംഗലം കോടതിയിൽ ഇന്ന് ഹാജരാക്കി. 40 മിനിറ്റോളം നീണ്ട വിചാരണയിൽ കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ എസ്ഐ ഉബൈദുല്ല, എഎസ്ഐ സി.പി. അണ്ടാൽ അസീസ് എന്നിവരെ വിസ്തരിച്ചു. കേസില്‍ ഒന്നു മുതൽ നാലുവരെയുള്ള സാക്ഷികളെയാണു വിളിപ്പിച്ചത്. എന്നാൽ മൂന്നും നാലും സാക്ഷികൾ എത്തിയില്ല. പ്രായമായ ആളാണെന്നും വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.അടുത്ത വിചാരണ ദിവസം സാക്ഷികള്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു. സെപ്തംബര്‍ നാലിന് വിചാരണ തുടരും. പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ്,’ ഇന്‍ക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഗ്രോ വാസു ജയിലിലേക്ക് മടങ്ങിയത്.
2016-ല്‍ നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എല്‍ പി വാറണ്ട് നിലവിലുണ്ടായിരുന്നു.
കേരളത്തിലെ ആദ്യകാല നക്സൽ പ്രവർത്തകരിൽ ഒരാളായ ഗ്രോ വാസുവിന് ഇപ്പോള്‍ 94 വയസ്സാണ്.

