മണിപ്പൂർ: ഉഖ്റുൽ ജില്ലയിലെ കുക്കി തോവൈ ഗ്രാമത്തിൽ വെള്ളിയാഴ്ച നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിക്കാതിരിക്കാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കുക്കി വിഭാഗത്തിൽപ്പെട്ട താങ്‌ഖോകൈ ഹാകിപ് (31), ജാംഖോഗിൻ ഹാക്കിപ് (35), ഹോളൻസൺ ബെയ്‌റ്റ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായെത്തിയ അജ്ഞാതരായ അക്രമികളുടെ വെടിവെയ്പിലാണ് യുവാക്കൾ കൊല്ലപ്പെട്ടത്.
കനത്ത വെടിയൊച്ച കേട്ടതിനെ തുടർന്ന് മൂന്ന് പേരെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് അധികൃതർ അറിയിച്ചത്. മൃതദേഹങ്ങളിൽ നിന്ന് കാലുകൾ മുറിച്ചു മാറ്റിയിരുന്നു. ശരീരമാകെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്‌തിട്ടുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
മേയ് മൂന്നു മുതൽ നടക്കുന്ന കലാപത്തിൽ ഉഖ്രുൽ ജില്ലയിൽ ഇതുവരെ അക്രമം റിപ്പോട്ട് ചെയ്‌തിരുന്നില്ല. സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 120-ലധികം ആളുകൾ മരിക്കുകയും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും അക്രമം നിയന്ത്രിക്കാനും സംസ്ഥാനത്ത് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും വിന്യസിച്ചിട്ടുണ്ട്.

