Trending

കേരളത്തിന് 28 പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍

brown gavel and open book on a wooden table of the law in the courtroom

കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നത്.

നിര്‍ഭയ ഫണ്ടില്‍ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുക. ഇതിന്റെ ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും. ഈ പദ്ധതി അനുസരിച്ച് 57 പോക്‌സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങി നല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തെ ശിശു സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. ഇപ്പോള്‍ തന്നെ 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം കൂടി പോക്‌സോ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.

പോക്‌സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് അടുത്തകാലം വരെ പ്രത്യേക കോടതി നിലവിലുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന അഡിഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതികളെ പോക്‌സോ കോടതിയായി ഡെസിഗ്‌നേറ്റ് ചെയ്തിട്ടുണ്ട്. മറ്റ് 11 ജില്ലകളില്‍ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതികളെ ചില്‍ഡ്രന്‍സ് കോര്‍ട്ടായി നോട്ടിഫൈ ചെയ്തിട്ടുണ്ട്. പോക്‌സോ ആക്ട് സെക്ഷന്‍ 28 അനുസരിച്ച് ഈ കോടതികളെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയായി കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ കേസുകളും ഈ കോടതികളില്‍ കൈകാര്യം ചെയ്യുന്നുമുണ്ട്.

എറണാകുളത്ത് പ്രവര്‍ത്തിച്ചുവരുന്ന പോക്‌സോ കോടതിയെ ബാലസൗഹൃദ കോടതിയാക്കി മാറ്റുന്നതിന് സാമൂഹ്യ നീതി വകുപ്പ് 72 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പോക്‌സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് എറണാകുളത്ത് ഒരു പോക്‌സോ കോടതി സ്ഥാപിക്കുന്നതിനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരുന്നു. ഈ കോടതിയ്ക്കായി 3 തസ്തികകള്‍ സൃഷ്ടിക്കുകയും 10 ജീവനക്കാരെ പുനര്‍ വിന്യാസം മുഖേന നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ കുട്ടികളെ വിചാരണ ചെയ്യുന്ന ബാല സൗഹൃദ കോടതികള്‍ എല്ലായിടത്തും ലഭ്യമാക്കാനും ബലാല്‍ത്സംഗ, പോക്‌സോ കേസുകളുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ തിരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!