രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നതിനിടെ വിചിത്ര പരാതിയുമായി യുവാവ് രംഗത്ത്. കറിയിൽ തക്കാളിയുടെ എണ്ണം കൂടിപോയതിന് ഭാര്യ പിണങ്ങി പോയതായി യുവാവ് പരാതി നൽകിയതായിഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു .
മധ്യപ്രദേശിലെ സഹോദാൽ ജില്ലയിലാണ് സംഭവം നടന്നത്. ടിഫിൻ സർവീസ് ജോലിക്കാരനായ സഞ്ജീവ് ബർമൻ ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളിയെടുത്ത് പാചകം ചെയ്തത് വഴക്കിലെത്തുകയായിരുന്നു. വില കൂടിയ തക്കാളി, ഭർത്താവ് തന്നോട് ചോദിക്കാതെ ഉപയോഗിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്
ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാഗ്വാദം ഉണ്ടാകുകയും വഴക്കായി മാറുകയുമായിരുന്നു. പിന്നാലെ, മകളെയും കൂട്ടി ഭാര്യ വീട് വിട്ട് പോയതായും സഞ്ജീവ് പറയുന്നു. അവരെ കണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയിരിക്കുകയാണ് യുവാവ്.
സഞ്ജീവ് പരാതി നൽകിയതായി പൊലീസ് സ്ഥിരീകരിച്ചു. മൂന്നു ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവരെവിടെയാണെന്ന് അറിയില്ലെന്നും സഞ്ജീവ് പറഞ്ഞതായി പൊലീസ് അറിയിച്ചു.

