തൃശൂർ: നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിലും വഞ്ചന കേസുകളിലും പ്രതിയായ സിനി ഗോപകുമാർ (48) എന്ന പൂമ്പാറ്റ സിനി കാപ്പ നിയമപ്രകാരം അറസ്റ്റിൽ. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയാണ് എറണാകുളം പള്ളുരുത്തി സ്വദേശിനിയായ ഇവരെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ ജയിൽശിക്ഷ വിധിച്ചത്.
ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ഒല്ലൂർ തൈക്കാട്ടുശേരിയിലെ വീട്ടിൽ നിന്നും ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് ജില്ലാ കളക്ടർക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. സിനി, ശ്രീജ എന്നിങ്ങനെ പേരുകളും വിലാസവും മാറിമാറി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയാണ് ഇവരുടെ രീതി.
വ്യാജ സ്വണം പണയം വച്ച് സ്ഥാപനങ്ങളെയും വ്യക്തികളേയും ചതിക്കുകയും, ഗൂഡാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിലും വഞ്ചന കേസുകളിലും പ്രതിയാണ് സിനി. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിനും, മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിനും തുടങ്ങി നൂറു കണക്കിന് തട്ടിപ്പുകേസുകളാണ് സിനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

