കാസർകോട്: സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ തെരുവുനായകളുടെ ആക്രമണം. രക്ഷപെടാനുള്ള ശ്രമത്തിനിടെമൂന്നു പെൺകുട്ടികളിൽ ഒരാൾക്ക് കുഴിയിലേക്ക് വീണ് പരിക്കേറ്റു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ 8.30 നാണ് സംഭവം. ഭീമനടി കാലിക്കടവിലെ റഷീദിൻ്റെ മകളും വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ നജുല മറിയ(17)ത്തിനാണ് വീണ് പരുക്കേറ്റത്.
കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ രക്ഷപെടുത്തുകയായിരുന്നു. പെൺകുട്ടിയെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരുക്കുണ്ട്. കഴിഞ്ഞ ദിവസം ചെറുവത്തൂരിലും തെരുവ് നായയുടെ ആക്രമണമുണ്ടായിരുന്നു. ബസ്സ്റ്റാൻഡ് പരിസരത്തെത്തിയ രണ്ടുപേരെ തെരുവായ കടിച്ചു. കടിയേറ്റയാൾ നായയെ പിന്തുടർന്ന് തല്ലിക്കൊന്ന് പഞ്ചായത്ത് കാര്യാലയത്തിന് മുൻപിലിട്ടു. പ്രതിഷേധം അറിയിച്ച ശേഷം പിന്നീട് കുഴിച്ചുമൂടുകയായിരുന്നു.

