ലൈംഗികാതിക്രമ പരാതിയിൽ ബി.ജെ.പി. എം.പിയും റെസ്ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ല എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തള്ളി ഡൽഹി പോലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടുള്ള ട്വീറ്റ് ഡല്‍ഹി പോലീസ് മിനിട്ടുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു.
ബ്രിജ്ഭൂഷണെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ടാണ് വൈകുന്നു എന്ന കാര്യത്തിലും പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ഗുസ്തി താരങ്ങളുടെ അവകാശവാദം തെളിയിക്കുന്ന യാതൊന്നും അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ബ്രിജ്ഭൂഷൺ ശ്രമിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ. വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യമാണ് ഡൽഹി പോലീസ് തള്ളിയത്.
വാർത്തകൾ വ്യാജമാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. തെളിവുകളില്ല എന്ന് പോലീസ് പറഞ്ഞിട്ടില്ല എന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂടി ഡൽഹി പോലീസ് വ്യക്തമാക്കി. പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.
15 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കും എന്നടക്കമായിരുന്നു നേരത്തെ റിപ്പോർട്ട് വന്നത്. ‘എന്നാൽ ഇതൊരു കോളിളക്കം സൃഷ്ടിച്ച കേസാണ്. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അന്തിമ റിപ്പോർട്ട് അടക്കമുള്ള ഒന്നും തന്നെ തയ്യാറായിട്ടില്ല’ പോലീസ് വ്യക്തമാക്കി. എന്നാൽ, ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസായിട്ടു കൂടി എന്തുകൊണ്ട് ഇയാൾക്കെതിരെ നടപടിയെടുക്കാൻ വൈകുന്നു എന്ന കാര്യത്തിൽ ഇനിയും പോലീസ് വ്യക്തത വരുത്തിയിട്ടില്ല.

