കൽപ്പറ്റ: വയനാട്ടിലെ പനമരത്ത് ഭക്ഷ്യവിഷബാധയേറ്റു പതിനഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സിഎച്ച്സിയിലും സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ടരയോടെ കൽപ്പറ്റയിലെ റസ്റ്ററന്റിൽനിന്ന് ഇവർ കുഴിമന്തിയും അൽഫാമും കഴിച്ചിരിന്നു. വീട്ടിലെത്തി അൽപ്പനേരം കഴിഞ്ഞപ്പോൾ അസ്വസ്ഥത ഉടലെടുക്കുകയും രാത്രിയിൽ ഛർദ്ദിയും വയറിളക്കവും തലവേദനയും അനുഭവപ്പെടുകയുമായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്. കുടുംബം പരാതിയിൽ ഉന്നയിച്ച റസ്റ്ററന്റിൽനിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ചു വരികയാണ്.
വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ജില്ലയായിട്ടുപോലും ഭക്ഷ്യവിഷബാധ ഗൗരവത്തോടെ കാണാത്തതാണ് തുടരെയുള്ള ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗങ്ങൾ വിളിച്ചു ചേർത്ത് അടിയന്തര നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

