കാസർകോട്: സ്വന്തമായി വാഹനം പോലുമില്ലാത്ത ഖത്തറില്‍ നിന്നെത്തിയ പ്രവാസിക്ക് എട്ടിന്റെ പണി കൊടുത്ത് ട്രാഫിക് പോലീസ്. കാസർകോട് പടന്ന തെക്കേക്കാട് സ്വദേശി പിസി ഇമ്രാനാണ് ട്രാഫിക് നിയമലംഘനത്തിന് 250 രൂപ അടക്കാൻ നോട്ടീസ് എത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ ട്രാഫിക് നിയമലംഘനത്തിനാണ് യുവാവിന് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്.
വ്യാഴാഴ്ചയാണ് ഇമ്രാൻ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. വന്ന ഉടനെയാണ് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന ട്രാഫിക് നിയമലംഘനത്തിന് പിഴയടക്കാൻ നോട്ടീസ് വന്നത്. KL 60 H 9364 നമ്പർ കാറില്‍ യാത്ര ചെയ്യുമ്പോള്‍ നിയമലംഘനം നടത്തിയെന്നാണ് നോട്ടിസില്‍ പറയുന്നത്. മലപ്പുറം സ്വദേശിയായ അനീസ് എന്നയാളുടെ പേരിലാണ് ഈ കാറെന്നും വ്യക്തമായിട്ടുണ്ട്.
ഈ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ അടക്കാനുള്ള ലിസ്റ്റില്‍ ഉള്പെട്ടതിനാല് തനിക്കെതിരെ മറ്റെന്തെങ്കിലും നടപടി ഉണ്ടാവുമോ എന്ന ആശങ്കയിലാണ് ഇമ്രാന്. യുവാവിന്റെ മൊബൈല്‍ നമ്പര്‍ കൃത്യമായി നോട്ടിസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനമില്ലാത്ത തനിക്ക് നോട്ടിസ് ലഭിച്ചത് സംബന്ധിച്ച് അധികൃതരെ അറിയിച്ചപ്പോള്‍ കൈ മലര്‍ത്തുകയാണ് ചെയ്തതെന്നും തത്കാലം നോട്ടിസിനെ അവഗണിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഇമ്രാന് പറയുന്നു.

