കോഴിക്കോട്; പന്തീരങ്കാവില്‍ രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തില്‍ കോടതി ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് താഹാ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരെ അറസ്റ്റ് ചെയ്ത കേസില്‍ ഇന്ന് വാദം കേട്ട കോടതി ജാമ്യാപേക്ഷയില്‍ നാളെ വിധി പറയുമെന്ന് അറിയിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. അതേസമയം,
ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇവര്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന നിലപാടിലുറച്ചാണ് പൊലീസ്. പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്ത നോട്ടീസുകളും കോടതിയില്‍ പൊലീസ് ഹാജരാക്കിയിരുന്നു.
അതേസമയം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കേസില്‍ നാളെ വിധി പറയാമെന്ന് കോടതി അറിയിച്ചത്.
അതേസമയം പിടിയിലാകാനുള്ള മൂന്നാമനായുള്ള തെരച്ചില്‍ നടക്കുന്നുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട ദളത്തിലെ അംഗങ്ങളാണ് അലനും താഹയും പിടിയിലാകാനുള്ള മൂന്നാമനുമെന്നാണ് പൊലീസ് പറയുന്നത്.